റിഷഭ് പന്തിനെ വിടാതെ റോയല്‍ ചലഞ്ചേഴ്‌സ്; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ട്വിസ്റ്റ്?

ഡല്‍ഹി ക്യാപിറ്റല്‍സിനെയും റിഷഭ് പന്തിനെയും ചുറ്റിപ്പറ്റി നേരത്തെയും നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത സാഹചര്യത്തില്‍ ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ അന്തിമഘട്ട ചര്‍ച്ചകളിലാണ് ഫ്രാഞ്ചൈസികള്‍. ലേലത്തിനു മുന്‍പായി, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ ഒരാഴ്ച മാത്രമാണ് ബാക്കി. ഇതിനിടയില്‍ ഡല്‍ഹി ക്യാപിറ്റല്‍സും നിലവിലെ ക്യാപ്റ്റന്‍ റിഷഭ് പന്തും വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്.

റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പന്തും ക്യാപിറ്റല്‍സ് മാനേജ്‌മെന്റും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി തുടര്‍ന്നും വേണമെന്ന പന്തിന്റെ ആവശ്യം മാനേജ്‌മെന്റ് പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

പന്തും മെഗാ താരലേലത്തില്‍ ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

മറുവശത്ത് റിഷഭ് പന്തിനെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ശക്തമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി നിലനിര്‍ത്താതിരുന്നാല്‍ ലേലത്തിനെത്തുന്ന പന്തിനെ എന്ത് വില കൊടുത്തും റാഞ്ചാനുള്ള പദ്ധതികള്‍ ബെംഗളൂരു ആരംഭിച്ചുകഴിഞ്ഞെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിനേശ് കാര്‍ത്തിക് വിരമിച്ചതോടെ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാവാന്‍ പന്തിന് കഴിയും. ഫിനിഷര്‍ റോളിലും പന്തിന് ഡികെയുടെ പകരക്കാരനാവാന്‍ കഴിയും.

ഡല്‍ഹിയുടെ നായകനായ പന്തിനെ തട്ടകത്തിലെത്തിച്ചാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ബെംഗളൂരുവിന് മികച്ച ഓപ്ഷന്‍ ലഭിക്കും. നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ റോയല്‍ ചലഞ്ചേഴ്‌സ് റിലീസ് ചെയ്യുമെന്ന വാര്‍ത്ത നിലനില്‍ക്കേ പന്തിനുള്ള സാധ്യത കൂടുതലാണ്. വിരാട് കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും തട്ടകത്തിലെത്തിയാല്‍ ബെംഗളൂരുവിന്റെ ബാറ്റിങ് നിരയും ശക്തമാകും.

ഡല്‍ഹി ക്യാപിറ്റല്‍സിനെയും റിഷഭ് പന്തിനെയും ചുറ്റിപ്പറ്റി നേരത്തെയും നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത സീസണില്‍ പന്ത് ക്യാപിറ്റല്‍സ് വിടുമെന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറുമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും അഭ്യൂഹങ്ങള്‍ നിഷേധിച്ച് പന്ത് തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് പന്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Rishabh Pant at an IPL match

കാറപകടത്തെ തുടര്‍ന്ന് 2023 ഐപിഎല്‍ സീസണ്‍ നഷ്ടമായ പന്ത് കഴിഞ്ഞ സീസണിലാണ് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയത്. സീസണില്‍ 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ പന്ത് ക്യാപിറ്റല്‍സിന് വേണ്ടി 446 റണ്‍സ് അടിച്ചെടുത്തു. സീസണില്‍ പന്ത് നയിച്ച ഡല്‍ഹി ഏഴ് വിജയങ്ങളും ഏഴ് പരാജയങ്ങളുമായി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Content Highlighs: RCB set to go all out for Rishabh Pant in IPL 2025 mega auction, Reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us