ചരിത്രത്തിലാദ്യമായി പാകിസ്താന്റെ 'തീയുണ്ടകള്‍ക്ക് 'റെസ്റ്റ്'; ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞതെല്ലാം സ്പിന്നേഴ്സ്

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ സാജിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ നോമാന്‍ അലിയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

dot image

ഇംഗ്ലണ്ട്- പാകിസ്താന്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മാത്രം 13 വിക്കറ്റുകളാണ് വീണത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന്‍. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് പാക് സ്പിന്നര്‍മാരാണ്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ സാജിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ നോമാന്‍ അലിയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

ഇംഗ്ലണ്ടിനെതിരെ പേസര്‍മാര്‍ ആരെയും പാകിസ്താന്‍ ആദ്യ ഇന്നിങ്‌സില്‍ ഇറക്കിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ചരിത്രത്തിലാദ്യമായാണ് പാകിസ്താന്‍റെ ഒരു ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഒരു ഫാസ്റ്റ് ബൗളറും ഒരു പന്ത് പോലും എറിയാതിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ എറിഞ്ഞ 410 പന്തുകളും എറിഞ്ഞത് പാക് സ്പിന്നര്‍മാരാണ്. സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ്, സല്‍മാന്‍ അലി ആഗ എന്നിവരാണ് പാകിസ്താന് വേണ്ടി പന്തെറിഞ്ഞത്.

പേസ് അറ്റാക്കിങ്ങിന് പേരുകേട്ട ടീമാണ് പാകിസ്താന്‍. ഷഹീന്‍ അഫ്രീദിയും നസീം ഷായും അടക്കമുള്ള കരുത്തരായ ഫാസ്റ്റ് ബൗളര്‍മാരില്ലാതെയാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയതും. ശക്തികേന്ദ്രങ്ങളായ പേസര്‍മാരില്ലാതെ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് പാക് പട.

റാവല്‍പിണ്ടിയില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജേമി സ്മിത്ത്, ബെന്‍ ഡക്കറ്റ് എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. 119 പന്തുകള്‍ നേരിട്ട സ്മിത്ത് 89 റണ്‍സെടുത്തു. ആറു സിക്‌സുകളും അഞ്ച് ഫോറുകളുമാണ് ജേമി സ്മിത്ത് റാവല്‍പിണ്ടിയില്‍ അടിച്ചുകൂട്ടിയത്. 84 പന്തുകള്‍ നേരിട്ട ഡക്കറ്റ് 52 റണ്‍സെടുത്തു പുറത്തായി. ഒലി പോപ് (മൂന്ന്), ജോ റൂട്ട് (അഞ്ച്), ഹാരി ബ്രൂക്ക് (അഞ്ച്), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (22 പന്തില്‍ 12) എന്നിവര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല.

മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. അബ്ദുല്ല ഷഫീഖ് (27 പന്തില്‍ 14), സയിം അയൂബ് (36 പന്തില്‍ 19), കമ്രാന്‍ ഗുലാം (ഒന്‍പതു പന്തില്‍ മൂന്ന്) എന്നിവരാണ് പുറത്തായ പാക്ക് ബാറ്റര്‍മാര്‍. 32 പന്തില്‍ 16 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഷാന്‍ മസൂദും 34 പന്തില്‍ 16 റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍.

Content Highlights: First time in history, no fast bowler has bowled in the first innings of a Pakistan Test match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us