കളിയ്ക്ക് മുമ്പ് കുൽദീപിന് വേണ്ടി വാദിച്ചു, കളിയ്ക്കിടയിൽ സുന്ദറിന് ഫുൾ സപ്പോർട്ട്; ​ഗവാസ്കറിന്റെ 'യു-ടേണു'കൾ

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപിന് പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഗവാസ്‌കറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

dot image

ന്യൂസിലാന്‍ഡിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ നിലപാട് മാറ്റി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപിന് പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഗവാസ്‌കറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം കൊണ്ട് സുന്ദര്‍ മറുപടി പറഞ്ഞതിന് പിന്നാലെ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗവാസ്‌കര്‍.

പൂനെയിലെ ഒന്നാം ദിനം ന്യൂസിലാന്‍ഡിന്റെ ഏഴ് വിക്കറ്റാണ് സുന്ദര്‍ വീഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ഗാവസ്‌കര്‍ തന്റെ നിലപാട് തിരുത്തിയത്. 'വാഷിങ്ടണ്‍ സുന്ദറിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത് പ്രചോദിപ്പിക്കുന്ന തീരുമാനമാണ്. നന്നായി ബാറ്റുചെയ്യാനും പന്തെറിയാനും കഴിയുന്നതുകൊണ്ടാണ് സുന്ദറിനെ ഇലവനില്‍ തിരഞ്ഞെടുത്തത്', ഗവാസ്‌കര്‍ കമന്ററി ബോക്‌സില്‍ നിന്ന് പറഞ്ഞു. ഗവാസ്‌കറുടെ കമന്ററിക്ക് പിന്നാലെ ക്യാമറാമാന്‍ ഡഗ്ഗൗട്ടിലിരിക്കുകയായിരുന്ന കോച്ച് ഗൗതം ഗംഭീറിറിലേക്ക് ഫോക്കസ് മാറ്റുകയും ചെയ്തു. നേരത്തെ ഞാനായിരുന്നുവെങ്കിൽ കുൽദീപിനെയേ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തൂ എന്നായിരുന്നു ​ഗവാസ്കറിന്റെ പ്രസ്താവന.

പൂനെയില്‍ ന്യൂസിലാന്‍ഡിനെ കടപുഴക്കിയ പ്രകടനമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുന്ദര്‍ കാഴ്ചവെച്ചത്. സുന്ദര്‍ കൊടുങ്കാറ്റിന് മുന്നില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് 259 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സുന്ദര്‍ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ച വെച്ചത്.

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിന് പിന്നാലെ അപ്രതീക്ഷിതമായാണ് വാഷിങ്ടൺ സുന്ദറിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്. സുന്ദർ കൂടിയെത്തിയതോടെ ഇന്ത്യൻ ടീമിൽ ആകെ സ്പിന്നർമാർ അഞ്ചായി. രവിചന്ദ്രൻ‌ അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നു. ടീമിൽ ഇടം ലഭിക്കാതെ അക്സർ പട്ടേൽ പുറത്തിരിക്കുമ്പോൾ വാഷിങ്ടൺ സുന്ദറിനെ ടീമിലേക്ക് വിളിച്ചത് എന്തിനെന്ന് ചോദ്യം ഇതിനിടെ ഉയർന്നിരുന്നു.

മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ന്യൂസിലാൻ‌ഡിന്റെ ഇടം കയ്യൻ ബാറ്റർമാരെ വീഴ്ത്താനാണ് സുന്ദറിനെ കൊണ്ടുവന്നതെന്നായിരുന്നു ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ വാദം. എന്നാൽ ചോദ്യങ്ങൾക്ക് സുന്ദർ മറുപടി പറഞ്ഞത് തന്റെ കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനം കൊണ്ടാണ്.

Washington Sundar picks 7/59 in 1st innings vs New Zealand

മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് മുമ്പെ രോഹിത് ശർമ സുന്ദറിന് പന്ത് നൽകി. ആദ്യ മണിക്കൂറുകളിൽ ന്യൂസിലാൻഡ് നന്നായി തുടങ്ങി. ഒരു ഘട്ടത്തിൽ മൂന്നിന് 197 എന്ന ശക്തമായ നിലയിലായിരുന്നു ന്യൂസിലാൻഡ്. അവിടെ നിന്നാണ് വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ് മികവ് തുടങ്ങിയത്. 65 റൺസെടുത്ത രചിൻ രവീന്ദ്രയെ വീഴ്ത്തിയത് സുന്ദർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഡാരൽ മിച്ചൽ, ടോം ബ്ലൻഡൽ, ​ഗ്ലെൻ ഫിലിപ്സ്, ടിം സൗത്തി, അജാസ് പട്ടേൽ എന്നിവരെ നിലയുറപ്പിക്കും മുമ്പെ സുന്ദർ മടക്കി അയച്ചു.

ആദ്യ ഇന്നിം​ഗ്സിൽ 259 എന്ന സ്കോറിൽ ന്യൂസിലാൻഡിനെ ഒതുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 62 റൺസെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റുകൾ കിവീസിന് നഷ്ടമായത്. 23.1 ഓവറിൽ നാല് മെയ്ഡൻ അടക്കം 59 റൺ‌സ് വഴങ്ങി ഏഴ് വിക്കറ്റാണ് സുന്ദർ വീഴ്ത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്.

Content Highlights: IND vs NZ: Sunil Gavaskar does U-turn on Washington Sundar's selection after spinner bags seven-for

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us