കിവികളെ സ്പിന്‍ കെണിയില്‍ കുരുക്കി ഇന്ത്യന്‍ വനിതകള്‍; ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം

ന്യൂസിലാന്‍ഡിന്‍റെ പത്തില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്.

dot image

ന്യൂസിലാന്‍ഡ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വെടിക്കെട്ട് വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 59 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 44.3 ഓവറില്‍ 227 റണ്‍സിന് പുറത്താക്കാന്‍ കിവീസ് വനിതകള്‍ക്ക് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിൽ 40.4 ഓവറില്‍ 168 റണ്‍സിന് ന്യൂസിലാൻഡിനെ പുറത്താക്കി ഇന്ത്യ വിജയം പിടിച്ചെടുത്തു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 64 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത തേജൽ ഹസാബിന്‍സാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ (51 പന്തില്‍ നിന്ന് 41), യാസ്തിക ഭാട്യ (43 പന്തില്‍ നിന്ന് 37), ഓപണര്‍ ജെമീമ റോഡ്രിഗസ് (36 പന്തില്‍ നിന്ന് 35), ഷെഫാലി വര്‍മ (22 പന്തില്‍ നിന്ന് 33) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സ്മൃതി മന്ദാന അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി.

228 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസിലാന്‍ഡിന് ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പത്തില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്.

39 റണ്‍സെടുത്ത ബ്രൂക്ക് ഹാലിഡെയാണ് കിവികളുടെ ടോപ് സ്‌കോറര്‍. 31 പന്തിൽ 31 റണ്‍സെടുത്ത മാഡി ഗ്രീനും ഭേദപ്പെട്ട സംഭാവന നൽകി. 8.4 ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത രാധ യാദവാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്. സൈമ താക്കൂര്‍ രണ്ട് വിക്കറ്റ് പിഴുതപ്പോൾ ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി എന്നിവർ‌ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ കിവികളെ തകർ‌ത്തതോടെ മറ്റൊരു കണക്കുവീട്ടാനും ഇന്ത്യൻ‌ വനിതകൾക്ക് സാധിച്ചു. വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റത് ഇന്ത്യന്‍ ടീമിന് പുറത്താകലിന് വഴിയൊരുക്കിയിരുന്നു.

Content Highlights: India Women vs New Zealand Women, 1st ODI: India beat New Zealand by 59 runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us