ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് വിജയം. നാലാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 307 റൺസിൽ എല്ലാവരും പുറത്തായിരുന്നു. പിന്നാലെ 106 റൺസിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 106, ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 308. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 307, ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ മൂന്നിന് 106.
നേരത്തെ നാലാം ദിവസം ഏഴിന് 283 എന്ന സ്കോറിൽ നിന്നാണ് ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. മെഹിദി ഹസൻ മിറാസ് 97 റൺസുമായി 10-ാമാനായി പുറത്തായി. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് ലീഡ് 105 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടോണി ഡെ സോർസി 41, എയ്ഡാൻ മാക്രം 20, ഡേവിഡ് ബെഡിങ്ഹാം 12 എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്രിസ്റ്റൺ സ്റ്റബ്സ് 30 റൺസുമായി പുറത്താകാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. റയാൻ റിക്ലത്തോൺ ഒരു റൺസുമായി സ്റ്റബ്സിന് കൂട്ടായി ക്രീസിൽ നിന്നു.
രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. നിർണായക വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിലും ദക്ഷിണാഫ്രിക്ക മൂന്നേറ്റം ഉണ്ടാക്കി. ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്ക രണ്ട് സ്ഥാനം മെച്ചപ്പെടുത്ത് നാലാം സ്ഥാനത്തേയ്ക്ക് എത്തി. ബംഗ്ലാദേശ് ഏഴാം സ്ഥാനത്താണ്.
Content Highlights: South Africa beat Bangladesh in first test