റിഷഭ് പന്തിനായി മൂന്ന് ടീമുകൾ രം​ഗത്ത്; താരത്തെ റിലീസ് ചെയ്യുമോ ഡൽഹി?

റിഷഭ് പോയാൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് മറ്റൊരു താരത്തെ ഡൽഹി ക്യാപിറ്റൽസ് കണ്ടെത്തേണ്ടി വരും.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനെ നോട്ടമിട്ടിരിക്കുന്നത് മൂന്ന് ടീമുകളാണ്. എല്ലാ ടീമുകൾക്കും ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ഒരുപോലെ ആവശ്യമുള്ള സ്ഥിതിയാണുള്ളത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് റിഷഭിനെ ലക്ഷ്യമിട്ടിരിക്കുന്ന ആദ്യ ടീം. കഴിഞ്ഞ ഐപിഎൽ സീസണിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് വിക്കറ്റ് കീപ്പറായിരുന്ന ദിനേശ് കാർത്തിക് വിരമിച്ചിരുന്നു. ഇതോടെ മറ്റൊരു വിക്കറ്റ് കീപ്പറെ റോയൽ ചലഞ്ചേഴ്സ് കണ്ടെത്തേണ്ടതുണ്ട്. റിഷഭ് പന്ത് ടീമിലെത്തിയാൽ റോയൽ ചലഞ്ചേഴ്സിന് വിക്കറ്റ് കീപ്പറിനൊപ്പം ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കും താരത്തെ പരി​ഗണിക്കാം. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് 40 വയസ് കഴിഞ്ഞെന്നതും റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിന്റെ മനസിൽ ഉണ്ടാവും.

ലഖ്നൗ സൂപ്പർ ജയന്റ്സാണ് റിഷഭ് പന്തിനെ ലേലത്തിലേക്ക് കാത്തിരിക്കുന്ന മറ്റൊരു ടീം. നിലവിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ എൽ രാഹുലിന്റെ ബാറ്റിങ് കണക്കുകളിൽ ലഖ്നൗ മാനേജ്മെന്റിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഹുൽ വലിയ ഇന്നിംഗ്സുകൾ കളിക്കുമ്പോൾ സ്കോറിങ്ങ് മെല്ലെ ആയതിനാൽ ടീം പരാജയപ്പെടുന്നുവെന്നതാണ് അതൃപ്തിക്ക് കാരണം. റിഷഭ് പന്ത് വന്നാൽ ലഖ്നൗവിന് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാകും. റിഷഭിനെ ലഭിച്ചില്ലെങ്കിൽ നിക്കോളാസ് പുരാൻ, ക്വിന്റൺ ഡി കോക്ക് എന്നിവരിലേക്ക് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ റോളുകൾ നൽകിയേക്കും.

പഞ്ചാബ് കിങ്സാണ് റിഷഭ് പന്തിനെ ലക്ഷ്യമിടുന്ന മൂന്നാമത്തെ ടീം. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ പരിശീലകനായിരുന്ന റിക്കി പോണ്ടിങ് അടുത്ത സീസൺ മുതൽ പഞ്ചാബ് കിങ്സിനെ കളിപഠിപ്പിക്കും. ശിഖർ ധവാൻ വിരമിച്ച സാഹചര്യത്തിൽ പഞ്ചാബിന് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ട്. റിക്കി പോണ്ടിങ് റിഷഭ് പന്തിനെയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പഞ്ചാബ് കിങ്സിൽ വിക്കറ്റ് കാക്കുന്നത് നിലവിൽ ജിതേഷ് ശർമയാണ്.

മൂന്ന് ടീമുകൾ റിഷഭിനെ ലക്ഷ്യമിടുമ്പോൾ ഡൽഹി ക്യാപിറ്റൽസ് അവരുടെ വിക്കറ്റ് കീപ്പറായ നായകനെ റിലീസ് ചെയ്യുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. റിഷഭ് പോയാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹിക്കായി മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് പോറൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തെത്തും. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് മറ്റൊരു താരത്തെ ഡൽഹി ക്യാപിറ്റൽസ് കണ്ടെത്തേണ്ടി വരും.

Content Highlights: Three teams intrested to buying Rishabh Pant in auction, Does Delhi release star player?

dot image
To advertise here,contact us
dot image