ഇത്രയും നേരത്തെ വേണ്ട, സമയമുണ്ട്; സുന്ദറിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിൽ നിലപാടുമായി മഞ്ജരേക്കര്‍

'അശ്വിന്‍ തന്റെ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പോള്‍ തന്നെ പകരക്കാരനെ തേടേണ്ട ആവശ്യമില്ല.' മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു.

dot image

ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായി തന്നിലെത്തിയ അവസരം മുതലാക്കുകയായിരുന്നു ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ വാഷിംഗ്ടണ്‍ സുന്ദര്‍. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളാണ് ഈ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്. സുന്ദറിന്റെ കരുത്തിൽ കിവീസിനെ ഇന്ത്യ 259 റണ്‍സിന് ഓൾ ഔട്ടാക്കി. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് പിന്നാലെ വാഷിംഗ്ടണിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. നേരത്തെ വാഷിംഗ്ടണിനെ ടീമിലേക്ക് തിരിച്ചു വിളിച്ചതിൽ വിമർശനം ചൊരിഞ്ഞവർക്കുള്ള മറുപടി കൂടിയായിട്ടായിരുന്നു അത്. അതില്‍ പലരും സുന്ദറിനെ ഇന്ത്യന്‍ സീനിയര്‍ താരം ആര്‍ അശ്വിനുമായി താരതമ്യം ചെയ്യുകയും ചെയ്തു. അശ്വിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് സുന്ദറെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

എന്നാല്‍ ഇത്തരത്തിലുള്ള താരതമ്യം അനാവശ്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. 'ഇത്തരം പിച്ചുകളില്‍ വേണ്ടത് കൃത്യവും വേഗവുമുള്ള സ്പിന്നര്‍മാരെയാണ്. ഇവിടെ കുല്‍ദിപ് യാദവിനെ പോലെയുള്ള സ്പിന്നര്‍മാരുടെ ആവശ്യം വരില്ല. സുന്ദറിന് വേഗമുണ്ട്. അവന്‍ മണിക്കൂറില്‍ 95 കിലോ മീറ്റര്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്നു. കൃത്യമായ സ്ഥാനത്ത് പന്ത് പിച്ച് ചെയ്യിക്കാന്‍ അവന് സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള സ്പിന്നര്‍മാര്‍ ടീമില്‍ ഉണ്ടായിരിക്കണം.'മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

അതേ സമയം അശ്വിനുമായുള്ള താരതമ്യത്തെ കമന്ററേറ്റർ കൂടിയായ മഞ്ജരേക്കർ തള്ളി. 'ശരിയാണ്, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്രയും മതിയാവും. സുന്ദര്‍ നന്നായി പന്തെറിഞ്ഞുവെങ്കിലും അശ്വിനുമായി താരതമ്യം ചെയ്യാന്‍ മാത്രം ആയിട്ടില്ല. ഇത്തരം താരതമ്യങ്ങള്‍ കുറച്ച് നേരത്തെയാണ്. അശ്വിന്‍ തന്റെ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പോള്‍ തന്നെ പകരക്കാരനെ തേടേണ്ട ആവശ്യമില്ല. ' മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു.

Content Highlights: Sanjay Manjrekar on Ravichandran Ashwin- Washington Sundar comparison

dot image
To advertise here,contact us
dot image