എമര്‍ജിങ് ഏഷ്യാകപ്പ്; ഇന്ത്യൻ യുവനിരയെ തകർത്ത് അഫ്​ഗാൻ എ ഫൈനലിൽ

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക എയെ ആണ് അഫ്​ഗാനിസ്ഥാൻ നേരിടേണ്ടത്

dot image

എമര്‍ജിങ് ഏഷ്യാകപ്പ് സെമി ഫൈനൽ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെ ‌അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലില്‍. രണ്ടാം സെമിഫൈനലില്‍ 20 റണ്‍സിനാണ് അഫ്ഗാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ‌ ഇന്ത്യയുടെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു. 34 പന്തില്‍ 64 റൺസെടുത്ത് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

207 റൺസെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയാണ് അഫ്​ഗാനിസ്ഥാൻ വിജയത്തിലേക്ക് എത്തിയത്. അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതിയ രമണ്‍ദീപ് സിങിന്റെ ശ്രമം ഫലം കണ്ടില്ല. ആറാമനായി എത്തിയ താരമാണ് അവസാനമായി മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പ്രഭ്‌സിമ്രാന്‍ സിങ് (19), അഭിഷേക് ശര്‍മ (7), ക്യാപ്റ്റന്‍ തിലക് വര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി. 20 റൺസെടുത്ത് നേഹല്‍ വധേരയും 23 റണ്‍സുമായി നിഷാന്ത് സന്ധുവും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വെടിക്കെട്ട് തുടക്കമാണ് സുബൈദ് അക്ബാരിയും സാദിഖുല്ല അതാലും ചേർന്ന ഓപണിങ് സഖ്യം നല്‍കിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും ഓപണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 14.1 ഓവറില്‍ 137 റണ്‍സ് ചേര്‍ത്താണ് സുബൈദ് അക്ബാരി-സാദിഖുല്ല അതാൽ സഖ്യം മടങ്ങിയത്.

52 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉൾപ്പടെ 83 റണ്‍സാണ് സാദിഖുല്ല അടിച്ചുകൂട്ടിയത്. സുബൈദ് 41 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് നേടി. വൺഡൗണായി ക്രീസിലെത്തിയ കരിം ജാനത്തും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ടീം സ്കോർ 200 കടത്തി. 20 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 41 റണ്‍സാണ് കരിം ജാനത്ത് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഡാര്‍വിഷ് റസൂലി ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തി. മുഹമ്മദ് ഇഷാഖ് 7 പന്തില്‍ 12 റണ്‍സുമായും ഷറഫുദ്ദീന്‍ അഷ്‌റഫ് ഒരു റണ്ണെടുത്തും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി റാസിക് സലാം മൂന്ന് വിക്കറ്റെടുത്തു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക എയെ ആണ് അഫ്​ഗാനിസ്ഥാൻ നേരിടേണ്ടത്. വെള്ളിയാഴ്ച തന്നെ നടന്ന ‌ഒന്നാം സെമിയില്‍ പാകിസ്ഥാന്‍ എയെ വീഴ്ത്തി ശ്രീലങ്ക എ ടീം ഫൈനലുറപ്പിച്ചിരുന്നു.

Content Highlights: Emerging Asia Cup 2024: India A Stunned By Afghanistan A, Lose Semi-Final By 20 Runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us