പാകിസ്താൻ ക്രിക്കറ്റ് ടീം താരങ്ങൾക്കെതിരായ അനാവശ്യ വിമർശനങ്ങൾ മുൻ താരങ്ങൾ ഒഴിവാക്കണമെന്ന് ടെസ്റ്റ് ടീം പരിശീലകൻ ജേസൻ ഗില്ലസ്പി. 'ഒരുപാട് മുൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ പറയുന്നു. അതിന് അവർക്ക് വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ പാകിസ്താൻ ടീമിലെ താരങ്ങൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവർ കുട്ടികളായിരുന്നപ്പോൾ പാക് ടീമിലെ താരങ്ങളെ ആരാധിച്ചിരുന്നു. അതുവഴിയാണ് അവർ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ഒരിക്കൽ ആരാധിച്ച താരങ്ങളിൽ നിന്ന് വിമർശനങ്ങൾക്ക് പകരം പ്രോത്സാഹനം വന്നാൽ അത് പാകിസ്താൻ ടീമിന് ഗുണം ചെയ്യും.' ജേസൻ ഗില്ലസ്പി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
'പാകിസ്താൻ ക്രിക്കറ്റിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എല്ലാവരും ടീമിൽ സന്തോഷത്തിലായിരിക്കണം. എന്നാൽ മുൻ താരങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങള്‍ മൂലം താരങ്ങൾ നിരാശയിലേക്ക് പോകുകയാണ്. അത് ഒഴിവാക്കണം.' ജേസൻ ഗില്ലസ്പി വ്യക്തമാക്കി.
അതിനിടെ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 267 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ഇരുടീമുകൾക്കും ഓരോ വിജയങ്ങൾ ഉള്ളതിനാൽ മൂന്നാം ടെസ്റ്റ് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlights: Gillespie Asks Ex-PAK Players to Cut Down 'Unwarranted Criticism'