ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനെക്കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ രസകരമായി വിലയിരുത്തൽ. കിവീസ് ബാറ്റർ അജാസ് പട്ടേൽ ബാറ്റ് ചെയ്തപ്പോഴാണ് റിഷഭ് പന്ത് സ്പിന്നർ വാഷിങ്ടൺ സുന്ദറിന് ഒരു നിർദ്ദേശം നൽകിയത്. ഫുള്ളർ ലെങ്തിൽ പന്തെറിഞ്ഞാൽ അജാസിന്റെ വിക്കറ്റ് വീഴ്ത്താനാവും എന്നായിരുന്നു പന്തിന്റെ ഹിന്ദിയിലുള്ള നിർദ്ദേശം. എന്നാൽ ഹിന്ദി അറിയാവുന്ന അജാസ് പട്ടേലിന് അടുത്ത പന്ത് ഫുള്ളർ ആണ് വരുന്നതെന്ന് മനസിലായി. വാഷിങ്ടണിനെ ഈ പന്തിൽ ബൗണ്ടറി അടിക്കാനും അജാസിന് കഴിഞ്ഞു. പിന്നാലെ സുന്ദറിനോട് റിഷഭ് പന്ത് പറഞ്ഞു, 'അവന് ഹിന്ദി അറിയാമെന്ന് എനിക്ക് എങ്ങനെ അറിയാം' എന്ന്. രസകരമായ സംഭവം സമൂഹമാധ്യങ്ങളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ച അജാസ് പട്ടേൽ എട്ട് വയസുവരെ ഇന്ത്യയിലായിരുന്നു ജീവിച്ചത്. അന്ന് അജാസിന്റെ കുടുംബം ന്യൂസിലാൻഡിലേക്ക് പോകുകയായിരുന്നു. 2021ൽ ഇന്ത്യയ്ക്കെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി താരം റെക്കോർഡിട്ടിരുന്നു. എന്നാൽ അന്ന് ഇന്ത്യയാണ് മത്സരം വിജയിച്ചത്.
ന്യൂസിലാൻഡ് ടീമിൽ അജാസിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. എങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന ഏഷ്യൻ പിച്ചുകളിൽ മത്സരമുണ്ടെങ്കിൽ അജാസിന് ന്യൂസിലാൻഡ് ടീമിൽ സ്ഥാനം ഉറപ്പാണ്. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ അജാസ് പട്ടേലിന്റെ വിക്കറ്റെടുത്തത് വാഷിങ്ടൺ സുന്ദർ തന്നെയാണ്. നാല് റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 259 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ്.
Contnet Highlights: Rishabh Pant's Instruction to Sundar Backfires