ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ്. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259 റൺസിന് മറുപടി നൽകുന്ന ഇന്ത്യയ്ക്ക് മുൻനിരയുടെ വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഇന്ത്യൻ ഓപണിങ് ബാറ്റർ യശ്വസി ജയ്സ്വാൾ മത്സരത്തിനിടെ ഒരു റെക്കോർഡ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1,000 റൺസെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായിരിക്കുകയാണ് ജയ്സ്വാൾ. 22-ാം വയസിലാണ് ജയ്സ്വാളിന്റെ നേട്ടം. 1979 ൽ 23-ാം വയസിൽ ദിലീപ് വെങ്സർക്കാർ സ്ഥാപിച്ച റെക്കോർഡാണ് ജയ്സ്വാൾ തകർത്തിരിക്കുന്നത്.
2024ൽ 10 മത്സരങ്ങൾ കളിച്ച ജയ്സ്വാൾ 1,007 റൺസ് നേടി. 59.23 ആണ് ശരാശരി. രണ്ട് സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറിയും ഈ വർഷം ജയ്സ്വാൾ നേടി. ഇതേ ഫോം തുടരുകയാണെങ്കിൽ, യുവ ഇന്ത്യൻ ബാറ്റർക്ക് സച്ചിൻ തെണ്ടുൽക്കറിന്റെ ഒരു റെക്കോർഡ് കൂടി മറികടക്കാൻ കഴിയും. 2010ൽ ഒരു കലണ്ടർ വർഷത്തിൽ 1562 റൺസാണ് സച്ചിൻ നേടിയത്. 14 മത്സരത്തിൽ നിന്നായിരുന്നു സച്ചിന്റെ ഈ നേട്ടം. ന്യൂസിലാൻഡ് പരമ്പരയിലും ബോർഡർ-ഗാവസ്കർ ട്രോഫിയിലും മികച്ച പ്രകടനം നടത്തിയാൽ സച്ചിനെ മറികടക്കാൻ ജയ്സ്വാളിന് സാധിച്ചേക്കും.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ജയ്സ്വാളിന് 30 റൺസ് മാത്രമാണ് നേടാനായത്. ശുഭ്മൻ ഗില്ലും 30 റൺ നേടി. ഇരുവരുമാണ് ഇന്ത്യൻ നിരയുടെ ഇതുവരെയുള്ള ടോപ് സ്കോറർമാർ. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷൻ പിന്നിടുമ്പോൾ ഇന്ത്യൻ സംഘം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. ന്യൂസിലാൻഡിനായി മിച്ചൽ സാന്റനർ നാലും ഗ്ലെൻ ഫിലിപ്സ് രണ്ടും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: Yashasvi Jaiswal becomes youngest Indian to score 1000 Test runs in a calendar year