അന്ന് സെവാഗ് ഏകാധിപതിയെപ്പോലെ പെരുമാറി, പിന്നീടൊരിക്കലും ഞങ്ങൾ സംസാരിച്ചിട്ടില്ല: ഗ്ലെൻ മാക്സ്‍വെൽ

സെവാ​ഗിന്റെ ഒരു ആരാധകനായിരുന്ന തനിക്ക് അതിന് ശേഷം എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിങ്സിന്റെ മെന്ററായിരുന്ന വിരേന്ദർ സെവാ​ഗുമായുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ച് വെളിപ്പെടുത്തി ഓസ്ട്രേലിയൻ താരവും പഞ്ചാബ് കിങ്സിന്റെ മുൻ താരവുമായിരുന്ന ​ഗ്ലെൻ മാക്സ്‍വെൽ. സെവാഗ് പഞ്ചാബ് കിങ്സിന്റെ മെന്ററായിരുന്ന കാലത്ത് ഏകാധിപതിയെപോലെയാണ് പെരുമാറിയിരുന്നതെന്ന് മാക്സ്‌വെല്‍ തന്‍റെ പുസ്തകമായ 'ഷോമാനി'ല്‍ ​ആരോപിച്ചു.

'ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഞാൻ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ നായകനാകുമെന്ന് സെവാ​ഗ് പറഞ്ഞു. പഞ്ചാബിൽ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. പിന്നാലെ സെവാ​ഗ് ടീമിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് എത്തി. ടീം ഏത് രീതിയിൽ വേണമെന്നൊക്കെ ടെസ്റ്റ് പരമ്പരക്കിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് അന്ന് കരുതി. എന്നാല്‍ അധികം വൈകാതെ ആ ധാരണ തെറ്റാണെന്ന് മനസിലായി.' മാക്സ്‍വെൽ പറഞ്ഞു.

ആ സീസണില്‍ ജെ അരുണ്‍ കുമാറായിരുന്നു പഞ്ചാബിന്റെ പരിശീലകൻ. പക്ഷേ കോച്ച് എന്നതൊക്കെ പദവിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും സെവാഗ് മാത്രമായിരുന്നു. താരങ്ങൾക്കും സഹപരിശീലകർക്കും ഇടയിലെ രഹസ്യങ്ങൾ തന്നോട് പലപ്പോഴും രഹസ്യമായി അന്വേഷിച്ചിട്ടുണ്ട്. പരിശീലക സംഘത്തെ ഉള്‍പ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവെച്ചപ്പോള്‍ സെവാഗ് എതിര്‍ത്തു. സെവാ​ഗാണ് പ്ലേയിംഗ് ഇലവനെ തീരുമാനിച്ചിരുന്നതെന്നും മാക്സ്‍വെൽ പറയുന്നു.

'സീസണിലെ അവസാന മത്സരത്തില്‍ 73 റണ്‍സിന് പഞ്ചാബ് ഓള്‍ ഔട്ടായി. വാര്‍ത്താസമ്മേളനത്തിൽ സെവാഗ് എല്ലാ കുറ്റവും എന്റേത് മാത്രമെന്ന് പറഞ്ഞു. എന്റെ ഉത്തരവാദിത്തക്കുറവാണ് പരാജയത്തിന് കാരണമെന്നായിരുന്നു സെവാ​ഗിന്റെ വാക്കുകൾ. പിന്നീട് ടീമിന്‍റെ പ്രധാന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എന്നെ പുറത്താക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ എന്റേത് മാത്രമാക്കി. അതോടെ സെവാ​ഗിന്റെ ആരാധകനായിരുന്ന എനിക്ക് ഇന്ത്യൻ മുൻ താരത്തോടുള്ള എല്ലാ ബഹുമാനവും നഷ്ടമായി. ഇക്കാര്യം ഞാന്‍ സെവാ​ഗിനെ അറിയിക്കുകയും ചെയ്തിരുന്നു. ഒരു ആരാധകനെ എനിക്ക് വേണ്ടെന്നാണ് അന്ന് സെവാ​ഗ് പ്രതികരിച്ചത്. പിന്നീട് ഒരിക്കലും ഞാനും സെവാ​ഗും പരസ്പരം സംസാരിച്ചിട്ടില്ല. പഞ്ചാബിനൊപ്പമുള്ള കാലം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായി. സെവാഗിനെ നിലനിര്‍ത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്ന് ഞാൻ പഞ്ചാബ് ഉടമകളെ അറിയിച്ചു.' മാക്സ്‍വെൽ വ്യക്തമാക്കി.

2014ലാണ് ഡൽഹി ഡെയർഡെവിൾസ് (ഡൽഹി ക്യാപിറ്റൽസ്) വിട്ട സെവാ​ഗ് പഞ്ചാബ് കിങ്സിൽ എത്തിയത്. ജോർജ് ബെയ്ലി നയിച്ച ടീമിന് ആദ്യമായി ഐപിഎല്ലിന്റെ ഫൈനൽ കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത സീസണിന് മുമ്പായി സെവാ​ഗ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ചു. പിന്നാലെ 2017ൽ പഞ്ചാബ് കിങ്സിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് സെവാ​ഗ് എത്തുകയായിരുന്നു. സീസണില്‍ 14 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് എത്താനേ പഞ്ചാബിന് കഴിഞ്ഞുള്ളു.

2014ലാണ് ​ഗ്ലെൻ മാക്സ്‍വെല്ലും പഞ്ചാബ് കിങ്സിന്റെ ഭാ​ഗമായത്. 16 മത്സരങ്ങളിൽ നിന്ന് 552 റൺസ് നേടിയ താരം പഞ്ചാബിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2017ലെ സീസണൊടുവിൽ താരം പഞ്ചാബ് വിട്ടു. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു മാക്സ്‍വെൽ. 2019ലെ സീസണിൽ കളിക്കാതിരുന്ന താരം 2020ൽ വീണ്ടും പഞ്ചാബിൽ മടങ്ങിയെത്തി. 2021 മുതൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ഭാ​ഗമാണ് ഓസ്ട്രേലിയൻ താരം.

Content Highlights: Glenn Maxwell recalls ugly IPL episode with Virender Sehwag

dot image
To advertise here,contact us
dot image