'ഹർഷിത് റാണ ​ഗംഭീറിന്റെ സെലക്ഷൻ, നിതീഷ് അയാൾക്ക് പകരക്കാരൻ'; സ്ഥിരീകരിച്ച് ബിസിസിഐ

ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും. മുഹമ്മദ് ഷമിയെപ്പോലെ അനുഭവസമ്പത്തുള്ള താരത്തെ ഒഴിവാക്കി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാത്ത ഹർഷിത് റാണയെ ഓസ്ട്രേലിയയിലേക്ക് അയച്ചതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ബിസിസിഐ വൃത്തങ്ങൾ. ഹർഷിത് ​ഇന്ത്യൻ പരിശീലകൻ ​ഗംഭീറിന്റെ തിരഞ്ഞെടുപ്പായിരുന്നുവെന്നും ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് നിതീഷ് കുമാറിനെ ഉൾപ്പെടുത്തിയതെന്നും ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് വെളിപ്പെടുത്തി.

ശ്രീലങ്കൻ പരമ്പര മുതൽ തന്നെ ഹർഷിത് റാണയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഉൾപ്പെടെ കൊണ്ടുവരാൻ ​ഗംഭീർ ശ്രമിച്ചിരുന്നു. പല പരമ്പരകളിലും ഹർഷിത് റിസർവ് താരമായി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. നവ്ദീപ് സൈനിയേക്കാളും മുകേഷ് കുമാറിനേക്കാളും പ്രായക്കുറവും വേ​ഗതയും ഹർഷിതിന്റെ പ്രത്യേകതയാണെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. പരിക്കിനെ തുടർന്ന് ശിവം ദുബെയെ പരിഗണിച്ചില്ല. ദുബെയുടെ ബൗളിങ് മികവിലേക്ക് ഉയർന്നിട്ടുമില്ല. എന്നാൽ നിതീഷ് ഉയർന്നുവരുന്ന താരമാണ്. ഐപിഎല്ലിലും ബം​ഗ്ലാദേശ് പരമ്പരയിലും നിതീഷ് നന്നായി പന്തെറിഞ്ഞു. ഫാസ്റ്റ് ബൗളിങ് ചെയ്യുന്ന ഒരു ബാറ്ററെ ടീമിന് ഉപയോ​ഗപ്പെടുത്താൻ നിതീഷിലൂടെ കഴിയും. ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരെ നവംബർ ഒടുവിൽ തുടങ്ങുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പേസർ മുഹമ്മദ് ഷമി, സ്പിന്നർമാരായ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുന്ന അഭിമന്യു ഈശ്വരൻ ടീമിൽ ഇടം പിടിച്ചു.

രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മൻ ​ഗിൽ, വിരാട് കോഹ്‍ലി, കെ എൽ രാഹുൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ.

Content Highlights: 'Harshit Rana Gambhir's choice, he pushed his case; Nitish Reddy desperate selection for Australia tour': BCCI official

dot image
To advertise here,contact us
dot image