തല പോലെ വരുമാ! 'നോ ലുക്ക് സ്‌റ്റൈല്‍' റണ്ണൗട്ടുമായി ജഡേജ, ധോണി റഫറന്‍സെന്ന് ആരാധകര്‍

ധോണിയും സമാന രീതിയില്‍ മുമ്പ് ഏകദിന മത്സരത്തില്‍ റണ്ണൗട്ട് നടത്തിയിട്ടുണ്ട്.

dot image

പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിനിടയിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മികവ് ചര്‍ച്ചയാവുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ വില്‍ ഒറൂര്‍ക്കിനെ റണ്ണൗട്ടാക്കിയതോടെ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ജഡേജ. ഒറൂര്‍ക്കിനെ റണ്ണൗട്ടാക്കി ന്യൂസിലാന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിന് വിരാമമിട്ടത് ജഡേജയാണ്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 70-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. കിവികളുടെ ലീഡ് 400 റണ്‍സിന് അടുത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്ലെന്‍ ഫിലിപ്‌സ്. ജഡേജയുടെ ഓവറിനിടെ ഫിലിപ്സ് ഓഫ് സൈഡിലേക്ക് കളിച്ച ഷോട്ട് വാഷിംഗ്ടണ്‍ സുന്ദറിലേക്ക് എത്തി. ക്രീസിലുണ്ടായിരുന്ന ഫിലിപ്‌സും ഒറൂര്‍ക്കും ഇതിനിടെ സിംഗിളിനായി ഓടിയിരുന്നെങ്കിലും സുന്ദര്‍ റിയാക്റ്റ് ചെയ്യാന്‍ അല്‍പ്പം വൈകി. ഇതുകണ്ട ഫിലിപ്‌സും ഒറൂര്‍ക്കും സെക്കന്റ് റണ്ണിനായി ഓടി.

എന്നാല്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഒറൂര്‍ക്ക് ഓടിയെത്തുമ്പോഴേക്കും ജഡേജ പന്ത് പെട്ടെന്ന് സ്റ്റംപിലേക്ക് തട്ടിയിട്ടു. ഒറൂര്‍ക്ക് ക്രീസിലെത്തുമെന്ന് തുടക്കത്തില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ജഡേജ ഒരു നോ ലുക്ക് സ്‌റ്റൈല്‍ റണ്‍ ഔട്ടിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തി.

ഈ നോ ലുക്ക് സ്‌റ്റൈല്‍ റണ്ണൗട്ടിലൂടെ ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ സഹതാരവും മുന്‍ ക്യാപ്റ്റനുമായ എം എസ് ധോണിയെ അനുകരിച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയും സമാനമായ രീതിയില്‍ റണ്ണൗട്ട് നടത്തിയിട്ടുണ്ട്. ധോണിയുടെ വലിയ ഫാന്‍ബോയ് ആയ ജഡേജയും നോ ലുക്ക് സ്‌റ്റൈലില്‍ റണ്ണൗട്ട് നടത്തിയാണ് 'തല' ആരാധകരെയും ആവേശത്തിലാക്കിയത്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 245 റണ്‍സിന് ഓള്‍ഔട്ടായി. ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

Content Highlights: IND vs NZ: Ravindra Jadeja Turns MS Dhoni; Stuns New Zealand With A No-Look Run-Out

dot image
To advertise here,contact us
dot image