പൂനെ ടെസ്റ്റിലും ദയനീയ തോല്‍വി വഴങ്ങി ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സിന് ഓള്‍ഔട്ടായി.
A tough loss for #TeamIndia in Pune.
— BCCI (@BCCI) October 26, 2024
Scorecard ▶️ https://t.co/YVjSnKCtlI #INDvNZ | @IDFCFIRSTBank pic.twitter.com/PlU9iJpGih
ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറിന് മുന്നിലാണ് ഇന്ത്യ വീണ്ടും കളി മറന്നത്. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി കടന്നത്. 65 പന്തില്‍ 77 റണ്‍സെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് രവീന്ദ്ര ജഡേജയും (42) ജസ്പ്രീത് ബുംറയും (10) നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചില്ല.
359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് ആറാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (8) നഷ്ടമായി. എന്നാല്‍ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. എന്നാല്‍ ലഞ്ചിനുശേഷം ശുഭ്മന്‍ ഗില്ലിനെ (23) ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ച് സാന്റ്‌നറാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടു.
വിരാട് കോഹ്‌ലിയും ജയ്‌സ്വാളും ചേര്‍ന്ന സഖ്യം തകര്‍ത്തടിച്ച് ഇന്ത്യയെ 100 കടത്തി. 65 പന്തില്‍ 77 റണ്‍സെടുത്ത ജയ്‌സ്വാളിനെ സാന്റ്‌നര്‍ മടക്കി. ടീം സ്‌കോര്‍ 127ല്‍ എത്തിയപ്പോളായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. ജയ്‌സ്വാള്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് റണ്ണൗട്ടായി. വിരാട് കോഹ്‌ലിയെ (17) സാന്റ്‌നര്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുരുക്കി.
സര്‍ഫറാസ് ഖാനും ക്രീസില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഒമ്പത് റണ്‍സെടുത്ത സര്‍ഫറാസിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സാന്റ്‌നര്‍ അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ (21) ഡാരില്‍ മിച്ചലും പുറത്താക്കിയതോടെ ഇന്ത്യ 167-7ലേക്ക് കൂപ്പുകുത്തി.
NEW ZEALAND WON THE TEST SERIES IN INDIA STRAIGHT AFTER THIS PERFORMANCE. 🥶 pic.twitter.com/YCd2mZ6rC3
— Mufaddal Vohra (@mufaddal_vohra) October 26, 2024
ഇടവേളയ്ക്ക് ശേഷം രവിചന്ദ്രന്‍ അശ്വിന്‍ (18) പൊരുതി നോക്കിയെങ്കിലും സാന്റ്‌നറിന്റെ മുന്നില്‍ മുട്ടുകുത്തി. ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി രവീന്ദ്ര ജഡേജ ഒരറ്റത്തുനിന്ന് ചെറുത്തുനിന്നു. ആകാശ് ദീപ് 24 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്ക് അടുത്തു. പിന്നാലെയെത്തിയ ജസ്പ്രീത് ബുംറയും നന്നായി തുടങ്ങിയെങ്കിലും അജാസ് പട്ടേലിന്റെ പന്തില്‍ ജഡേജയെ ടിം സൗത്തി പിടികൂടിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. നാല് പന്തില്‍ ഒരു സിക്‌സും ഒരു ബൗണ്ടറിയും സഹിതം പത്ത് റണ്‍സുമായി ബുംറ പുറത്താകാതെ നിന്നു.
നേരത്തെ അഞ്ചിന് 198 എന്ന സ്‌കോറില്‍ നിന്നാണ് ന്യൂസിലാന്‍ഡ് മൂന്നാം ദിനം രാവിലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ചത്. 41 റണ്‍സെടുത്ത ടോം ബ്ലന്‍ഡലിനെ ക്ലീന്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മിച്ചല്‍ സാന്റനറെ ജഡേജ ലോങ് ഓണില്‍ ജസ്പ്രീത് ബുംമ്രയുടെ കൈകളിലെത്തിച്ചു. ടിം സൗത്തിയെ സ്ലിപ്പില്‍ രോഹിത് ശര്‍മ പിടികൂടി. രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റ്.
അജാസ് പട്ടേലിനെ ജഡേജ ഡീപ് മിഡ്‌വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളില്‍ എത്തിച്ചതോടെ ന്യൂസിലാന്‍ഡ് ഒമ്പതിന് 241 റണ്‍സായി. കീഴടങ്ങാതിരുന്ന ഗ്ലെന്‍ ഫിലിപ്‌സിനെ നിസഹായനാക്കി നിര്‍ത്തി വില്‍ ഒറൂക്കിനെ രവീന്ദ്ര ജഡേജയുടെ മികച്ച ശ്രമത്തിലൂടെ റണ്‍ഔട്ടാക്കിയതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ 255 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
സ്‌കോര്‍ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 259, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 156. ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 255 റണ്‍സില്‍ ഓള്‍ ഔട്ട്. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 245 ഓൾ ഔട്ട്.
Content Highlights: India vs New Zealand 2nd Test Day 3: New Zealand win by 113 runs, clinch series