ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി പാകിസ്താൻ. ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം തുടർച്ചയായ രണ്ട് മത്സരങ്ങൾ വിജയിച്ചാണ് പാകിസ്താൻ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ദിവസം പാകിസ്താന് മുന്നിൽ 36 റൺസിന്റെ മാത്രം വിജയലക്ഷ്യം മുന്നോട്ടുവെയ്ക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഷാൻ മസൂദിന്റെ സംഘം ലക്ഷ്യം മറികടന്നു. 2021ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ക്യാപ്റ്റനായ ശേഷം ഷാൻ മസൂദ് ആദ്യമായി ടെസ്റ്റ് പരമ്പര വിജയവും നേടി.
നേരത്തെ മൂന്നിന് 24 എന്ന സ്കോറിൽ നിന്നായിരുന്നു മൂന്നാം ദിവസം രാവിലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഇന്നിംഗ്സിൽ വെറും 112 റൺസിൽ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റർമാരും പുറത്തായി. 33 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറർ. ഹാരി ബ്രൂക്ക് 26 റൺസും നേടി. സ്പിൻ കരുത്തിലാണ് രണ്ടാം ഇന്നിംഗ്സിലും പാകിസ്താൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നോമാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 36 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ഷാൻ മസൂദാണ് പാകിസ്താൻ വിജയം വേഗത്തിലാക്കിയത്. എട്ട് റൺസെടുത്ത സയ്യീം ആയൂബ് പുറത്തായി. അഞ്ച് റൺസെടുത്ത അബ്ദുള്ള ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 267 റൺസെടുത്തു. 89 റൺസെടുത്ത വിക്കറ്റ് കീപ്പർ ജാമി സ്മിത്തിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. സാജിദ് ഖാന്‍ ആറും നോമാൻ അലി മൂന്നും സാഹിദ് മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ പാകിസ്താൻ 344 റൺസെടുത്തു. 144 റൺസെടുത്ത സൗദ് ഷക്കീലിന്റെ പ്രകടനമാണ് പാകിസ്താൻ സംഘത്തിന് തുണയായത്. ഇംഗ്ലണ്ടിനായി സ്പിന്നർ റെഹ്മാൻ അഹമദ് നാല് വിക്കറ്റുകളും ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Pakistan scripted historical comeback won test series since 2021