ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഇന്ത്യയുടെ പരാജയത്തിന്റെയും പരമ്പര നഷ്ടത്തിന്റെയും സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങളാണ് കോഹ്‌ലിക്ക് നേരെ ഉയരുന്നത്. പൂനെ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്ണും രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സുമാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇപ്പോള്‍ ഔട്ടായതിന് പിന്നാലെ കോഹ്‌ലി തന്റെ ദേഷ്യം പ്രകടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പൂനെയിലെ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് പന്ത് നേരിട്ട് വെറും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതിന് പിന്നാലെയാണ് കോഹ്‌ലി ദേഷ്യപ്പെടുന്നത്. കോഹ്‌ലി ഔട്ടായ വിധമാണ് കൂടുതല്‍ നിരാശ സമ്മാനിച്ചത്. ഫുള്‍ടോസ് പന്ത് എന്ന് തോന്നിക്കുന്ന പന്ത് നേരിടാനുള്ള ശ്രമത്തിനിടെയാണ് കോഹ്ലി പുറത്താവുന്നത് . 24ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോള്‍ഡായത്. വിക്കറ്റു പോയ നിരാശയില്‍ കുറച്ചുനേരം ഗ്രൗണ്ടില്‍ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോഹ്ലി ഡ്രസിങ് റൂമിലേക്കു കയറിപ്പോയത്.
ഔട്ടായതിന്റെ നിരാശയും അരിശവും കോഹ്‌ലിയുടെ മുഖത്ത് പ്രകടമായിരുന്നു. പവലിയനിലേക്ക് നടക്കുന്ന വഴിയിലെ വാട്ടർ ബോക്‌സില്‍ തന്റെ ബാറ്റുകൊണ്ട് ശക്തമായി അടിച്ചാണ് കോഹ്‌ലി തന്റെ ദേഷ്യം തീര്‍ക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'പ്രിയപ്പെട്ട വിരാട് കോഹ്‌ലി, ബാറ്റുകൊണ്ട് പന്താണ് അടിക്കേണ്ടത്, അല്ലാതെ വാട്ടര്‍ ബോക്‌സിലല്ല', എന്ന ക്യാപ്ഷനോടെയാണ് ആരാധകര്‍ വീഡിയോ പങ്കുവെച്ചത്.
Dear bro Virat Kohli, The bat is hit over the ball, not over this water box.🤬 #INDvNZ pic.twitter.com/FZshuZIkzL
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 26, 2024
രണ്ടാം ഇന്നിങ്‌സിലാവട്ടെ, വിരാട് കോഹ്‌ലി 17 റണ്‍സിനാണ് പുറത്തായത്. ഇത്തവണയും സാന്റ്‌നറിന് മുന്നില്‍ തന്നെയാണ് കോഹ്‌ലി അടിയറവ് പറഞ്ഞത്. അതിനൊപ്പം പന്തുമായുള്ള ഓട്ടത്തിനിടയുള്ള ആശയക്കുഴപ്പത്തിന്റെ ഭാഗമായി പന്തിന്റെ റണ്ണൗട്ടും ഉണ്ടായി.
സാധാരണ ഗതിയില്‍ ഇത്തരം പന്തുകള്‍ അനായാസം നേരിടുന്ന താരം കൂടിയാണ് കോഹ്ലി. കോഹ്ലിയുടെ പ്രതിഭയ്ക്ക് മങ്ങല്‍ വീണോ എന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയും ചെയ്തു. ഏതായാലും കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി മോശം ഫോം തുടരുന്ന കോഹ്ലിയെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു ടെസ്റ്റായിരിക്കും ഇത്.
Content Highlights: Virat Kohli angrily smashes bat on ice box after failing miserably in Pune Test, Video