എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20യിൽ കിരീടനേട്ടവുമായി അഫ്ഗാനിസ്ഥാൻ എ. ഫൈനലിൽ ശ്രീലങ്ക എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ എ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്ഗാൻ നിര 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എയ്ക്കായി സഹൻ അരച്ചിഗെ പുറത്താകാതെ 64 റൺസെടുത്തു. നിമേഷ് വിമുക്തി 23 റൺസും പവൻ രത്നായ്കെ 20 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിയാതിരുന്നതോടെ ശ്രീലങ്കയ്ക്ക് വലിയ സ്കോറിലേക്ക് എത്താൻ സാധിച്ചില്ല.
മറുപടി പറഞ്ഞ അഫ്ഗാനിസ്ഥാന് ആദ്യ പന്തിൽ തന്നെ റൺസൊന്നും എടുക്കാതെ സുബൈദ് അക്ബാരിയെ നഷ്ടമായി. പിന്നാലെ കരുതലോടെയാണ് അഫ്ഗാൻ സംഘം മുന്നോട്ട് നീങ്ങിയത്. സെദിഖുള്ളാഹ് അത്തൽ 55 പന്തിൽ 55 റൺസ് നേടി വിജയം വരെ പോരാട്ടം നയിച്ചു. ഡാർവിഷ് റസൂലി 24 റൺസെടുത്തും കരീം ജാനത്ത് 33 റൺസെടുത്തും പുറത്തായി. പിന്നാലെ മുഹമ്മദ് ഇഷാക് പുറത്താകാതെ ആറ് പന്തിൽ 16 റൺസുമായി അത്തലിനൊപ്പം വിജയത്തിലേയ്ക്ക് ബാറ്റുവീശി.
Content Highlights: AFG A clinch maiden title in Emerging Asia Cup