നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയുടെ വിജയം ആഘോഷിക്കുകയാണ് പാകിസ്താന്‍. മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1നാണ് പാക് പട സ്വന്തമാക്കിയത്. ചരിത്രനേട്ടത്തിന് പിന്നാലെ ആദ്യടെസ്റ്റിന് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സൂപ്പർ താരങ്ങളുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാത്ത ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഷദാബ് ഖാന്‍ എന്നിവരാണ് പാകിസ്താന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും താരങ്ങളെ പ്രശംസിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്.
പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചതിന് സ്പിന്നര്‍മാരോടും സൗദ് ഷക്കീലിനോടും നന്ദി അറിയിച്ചാണ് പേസര്‍ ഷഹീന്‍ അഫ്രീദി രംഗത്തെത്തിയത്. 'പരമ്പരയിലെ പ്രശംസനീയമായ പ്രകടനത്തിന് സൗദ് ഷക്കീലിനും സ്പിന്നര്‍മാരായ നൊമാന്‍ അലിക്കും സാജിദ് ഖാനും നന്ദി', ഷഹീന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
പാകിസ്താനെ ഒരിക്കലും വിലകുറച്ചു കാണരുതെന്നാണ് പേസര്‍ നസീം ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 'ഞങ്ങള്‍ തോറ്റുപോയേക്കാം, പക്ഷേ ഒരിക്കലും പുറത്താവില്ല. നൊമാനും സാജിദ് ഖാനും അവരുടെ ക്ലാസ് പ്രകടനം കാഴ്ചവെച്ചതില്‍ അഭിമാനിക്കുന്നു', നസീം ഷാ കൂട്ടിച്ചേര്‍ത്തു.
ഷദാബ് ഖാനും നൊമാന്റെയും സാജിദ് ഖാന്റെയും നിര്‍ണായക പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 'ഹോം അഡ്വാന്റേജ് എന്നാല്‍ ഇതാണ്. ലോകത്തിലെ എല്ലാ ടീമുകളും ഈ മുന്‍തൂക്കം ഉപയോഗിക്കാറുണ്ട്. പാകിസ്താന്‍ ക്രിക്കറ്റിനെ ഒരിക്കലും നാണം കെടുത്താന്‍ അനുവദിക്കില്ല. മുഴുവന്‍ ടീമിനും രാജ്യത്തിനും ആശംസകള്‍. എല്ലാവരുടെയും സന്തോഷം തിരിച്ചുകൊണ്ടുവന്നതിന് നോമാന്‍ അലിക്കും സാജിദ് ഖാനും നന്ദി', ഷദാബ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചു. 'മനോഹരമായ തിരിച്ചുവരവിന് വേണ്ടി അത്ഭുതപ്പെടുത്തുന്ന പരിശ്രമം നടത്തിയിരിക്കുകയാണ്. നൊമാന്റെയും സാജിദ് ഖാന്റെയും പ്രകടനം വിസ്മയിപ്പിക്കുന്ന വഴിത്തിരിവായിരുന്നു. ആശംസകള്‍', ബാബര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
Phenomenal effort once again to make a grand comeback. Amazing turnaround by Noman and Sajid!
— Babar Azam (@babarazam258) October 26, 2024
Congratulations, Team Pakistan 🇵🇰 ❤️ pic.twitter.com/J56VIITp5z
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങളാണ് പാക് ടീമിന് നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെ ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയിരുന്നു. ഈ വമ്പന്‍ നീക്കം ടീമില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. പിന്നാലെ തുടരെ രണ്ട് ടെസ്റ്റുകള്‍ വിജയിച്ചാണ് പാകിസ്താന്‍ പരമ്പര പിടിച്ചെടുത്തത്.
Content Highlights: PAK vs ENG: Babar, Shaheen, Naseem, Shadab react after Pakistan's Test series win over England