'പുജാരയും രഹാനെയും ഉണ്ടായിരുന്നല്ലോ'; ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വീണ്ടും ട്രെന്‍ഡിങ്ങായി താരങ്ങള്‍

ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയടക്കം അടിച്ചെടുത്ത് വെടിക്കെട്ട് ഫോമിലാണ് ചേതേശ്വര്‍ പുജാര

dot image

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം വഴങ്ങിയതിന് പിന്നാലെ വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ന്യൂസിലാന്‍ഡിന്റെ സ്പിന്നിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ സാഹചര്യത്തിലാണ് പുജാരയും രഹാനെയും വീണ്ടും ട്രെന്‍ഡിങ്ങായത്. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള അനുഭവസമ്പന്നരായ താരങ്ങളെ ടീമിലേക്ക് തിരികെ വിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള ചേതേശ്വര്‍ പുജാരയെയും അജിന്‍ക്യ രഹാനെയെയും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയടക്കം അടിച്ചെടുത്ത് വെടിക്കെട്ട് ഫോമിലാണ് ചേതേശ്വര്‍ പുജാര. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ താരങ്ങളെ തിരിച്ചുവിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

അതേസമയം ബിസിസിഐ പ്രഖ്യാപിച്ച ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് രഹാനെയെയും പുജാരയെയും പരിഗണിച്ചിട്ടില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുങ്ങുകയും ചെയ്തു. നവംബര്‍ 22നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പര ആരംഭിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരെ പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റിലും ദയനീയമായി പരാജയം വഴങ്ങിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടത്. ബെംഗളൂരുവില്‍ എട്ട് വിക്കറ്റിന് പരാജയം വഴങ്ങിയ രോഹിത്തും സംഘവും പൂനെയില്‍ 113 റണ്‍സിനാണ് കിവികളോട് അടിയറവ് പറഞ്ഞത്.

രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെയാണ് 113 റണ്‍സിന് അടിയറവ് പറഞ്ഞ ഇന്ത്യ ടെസ്റ്റ് പരമ്പരയും കൈവിട്ടത്. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. അതേസമയം ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്.

Content Highlights: Fans want BCCI to bring back Cheteshwar Pujara, Ajinkya Rahane After home Test series loss against NZ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us