'രോഹിത്തിനും കോഹ്‌ലിക്കും പ്രിവിലേജൊന്നുമില്ല, പരിശീലനത്തിന് എത്തിയിരിക്കണം'; കടുപ്പിച്ച് ഗംഭീര്‍

ന്യൂസിലാന്‍ഡിനെതിരായ തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്

dot image

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയം ആവര്‍ത്തിച്ച് പരമ്പര കൈവിട്ടിരിക്കുകയാണ് ടീം ഇന്ത്യ. 12 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെടുകയെന്ന നാണക്കേടും ഇന്ത്യയെ തേടിയെത്തിയിരുന്നു. കിവികള്‍ക്കെതിരായ തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കമുള്ള എല്ലാ താരങ്ങളും നിര്‍ബന്ധമായും പരിശീലനത്തിനെത്തണമെന്ന് കോച്ച് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ വാങ്കഡെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി മാനേജ്‌മെന്റ് അനുവദിച്ചിരുന്നു. എന്നാല്‍ മുംബൈ ടെസ്റ്റില്‍ വിജയം അനിവാര്യമായ സാഹചര്യത്തില്‍ കോഹ്‌ലിയും രോഹിത്തും പേസര്‍ ജസ്പ്രീത് ബുംറയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വരെ ഓപ്ഷണല്‍ ട്രെയിനിങ് സെഷന്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇനിമുതല്‍ ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരിക്കുകയാണ് ഗംഭീര്‍.

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഒക്ടോബര്‍ 30നും 31നും മുംബൈയിലാണ് പരിശീലന ക്യാംപ്. മുംബൈയില്‍ നടക്കുന്ന ടെസ്റ്റായതിനാല്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കുംടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്. രണ്ടാം ടെസ്റ്റിന് പിന്നാലെ പൂനെയില്‍ നിന്ന് ഇരുതാരങ്ങളും കുടുംബത്തോടൊപ്പം മുംബൈയിലേക്ക് മടങ്ങിയിരുന്നു.

നവംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റിലും ദയനീയമായി പരാജയം വഴങ്ങിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടത്. ബെംഗളൂരുവില്‍ എട്ട് വിക്കറ്റിന് പരാജയം വഴങ്ങിയ രോഹിത്തും സംഘവും പൂനെയില്‍ 113 റണ്‍സിനാണ് കിവികളോട് അടിയറവ് പറഞ്ഞത്.

രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 245 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെയാണ് 113 റണ്‍സിന് അടിയറവ് പറഞ്ഞ ഇന്ത്യ ടെസ്റ്റ് പരമ്പരയും കൈവിട്ടത്. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. അതേസമയം ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

Content Highlights: Gautam Gambhir takes strict disciplinary action against Virat Kohli-Rohit Sharma after Pune Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us