ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതയെ കുറിച്ചുള്ള ആശങ്ക ഉയരുകയാണ്. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് അടിയറവ് പറഞ്ഞ രോഹിത് ശര്‍മയും സംഘവും പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് കൈവിട്ട ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിളില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
പരമ്പര നഷ്ടത്തിന് ശേഷവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ ഇപ്പോഴും ഒന്നാമത് തന്നെ തുടരുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു. പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യയ്ക്ക് 71.67 എന്ന പോയിന്റ് ശതമാനവും ഓസ്‌ട്രേലിയയ്ക്ക് 62.50 ശതമാനവുമായിരുന്നു. എന്നാല്‍ പൂനെ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 62.82ലേക്ക് കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയേക്കാള്‍ 0.32 ശതമാനം മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കമുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നില്‍ ആറ് മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരവും ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയുമാണ് രോഹിത്തിനെയും സംഘത്തെയും കാത്തിരിക്കുന്നത്. ഇതില്‍ നാല് ടെസ്റ്റിലെങ്കിലും വിജയം ഉറപ്പിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ നേരിട്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുക.
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് വിജയിച്ചാലും ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതിനും സാധിച്ചില്ലെങ്കില്‍ ഫൈനല്‍ പ്രവേശനത്തിനായി രോഹിത്തിനും സംഘത്തിനും മറ്റുടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കേണ്ടിവരും.
മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 പോയിന്‍റാണുള്ളത്. ന്യൂസിലാന്‍ഡ് 50 പോയിന്റുമായി നാലാമതും ദക്ഷിണാഫ്രിക്ക 47.62 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ പ്രവേശിക്കുക.
ദക്ഷിണാഫ്രിക്കയ്ക്ക് ഇനി അഞ്ച് മത്സരം ബാക്കിയുണ്ട്. ശ്രീലങ്കയോടും പാകിസ്താനോടും രണ്ട് മത്സരങ്ങള്‍ വീതം ഹോം ഗ്രൗണ്ടിലും ബംഗ്ലാദേശിനെതിരെ ഒരു മത്സരം എവേ ഗ്രൗണ്ടിലും. നാട്ടിലെ സാഹചര്യം മുതലെടുക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരും. ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ഒരു ജയവും സ്വന്തമാക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ പിന്തള്ളാന്‍ സാധിക്കും.
ഇന്ത്യയ്‌ക്കെതിരായ ഒരു ടെസ്റ്റും ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റും ഉള്‍പ്പടെ നാല് മത്സരങ്ങളാണ് കിവികളെ കാത്തിരിക്കുന്നത്. മൂന്നാമതുള്ള ശ്രീലങ്കയ്ക്ക് നിര്‍ണായകമായ രണ്ട് പരമ്പരകളാണ് മുന്നിലുള്ളത്. ഓസീസിനെതിരായ ഹോം ടെസ്റ്റും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ എവേ ടെസ്റ്റുമാണ് ലങ്കയെ കാത്തിരിക്കുന്നത്.
How Can India Qualify For WTC Final After Series Loss vs New Zealand