ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് തോൽവി, പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ചു കയറി ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയിട്ടും പാകിസ്താൻ ക്രിക്കറ്റിന് സന്തോഷിക്കാനാവുന്നില്ല. ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പരിശീലകൻ ഗാരി കിര്‍സ്റ്റണ്‍ രാജി സമർപ്പിച്ചതാണ് ഒടുവിലത്തെ പ്രതിസന്ധി. രണ്ട് വര്‍ഷത്തെ കരാറായിരുന്നു കിര്‍സ്റ്റണ് ഉണ്ടായിരുന്നത്. എന്നാല്‍ ആറ് മാസത്തിന് ശേഷം അദ്ദേഹം രാജി സമര്‍പ്പിച്ചു. ഇതോടെ 2021ന് ആഗസ്റ്റിന് ശേഷം സ്ഥാനമൊഴിയുന്ന പാക്സിതാന്റെ എട്ടാമത്തെ കോച്ചായി കിര്‍സ്റ്റണ്‍. സഖ്‌ലൈൻ മുഷ്താഖ്, അബ്ദുൾ റഹ്മാൻ , ഗ്രാൻ്റ് ബ്രാഡ്ബേൺ, മുഹമ്മദ് ഹഫീസ്, അസ്ഹർ മഹമൂദ് , ജേസൺ ഗില്ലസ്പി എന്നിവരായിരുന്നു ഈ കാലയളവിലെ പരിശീലകർ.
ഇക്കാലയളവില്‍ നാല് ചെയർമാൻമാരും പിസിബിക്കുണ്ടായി. റമീസ് രാജ, നജാം സേത്തി, സക്കാ അഷ്റഫ്, നഖ്വി എന്നിവരാണ് മാറി മാറി വന്ന ചെയര്‍മാന്മാര്‍. ഇതിനിടയിൽ ചീഫ് സെലെക്ടർമാരും അവർക്ക് കീഴിലുള്ള സെലക്ടർമാരും മാറി. ഇങ്ങനെയുള്ള ഒരു ഭരണമാറ്റ സമയങ്ങളിൽ പാക് ക്രിക്കറ്റിൽ അനിശ്ചിതത്വങ്ങളുണ്ടായി. ടീമിലെ അംഗങ്ങളെയും ഘടനയെയും ഇത് ബാധിച്ചു. ക്യാപ്റ്റൻസിയിലും മാറ്റങ്ങളും വിവാദങ്ങളുമുണ്ടായി.
ഒരിക്കല്‍ എല്ലാ ഫോര്‍മാറ്റിലും ടീമിനെ നയിച്ചിരുന്നത് ബാബര്‍ അസം ആയിരുന്നു. പിന്നീട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റില്‍ ഷഹീന്‍ ഷാ അഫ്രീദിയും റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഷാന്‍ മസൂദും പകരം വന്നു. 2024-ലെ ടി20 ലോകകപ്പിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ബാബര്‍ തിരിച്ചെത്തി. എന്നാൽ മോശം പ്രകടനത്തിൽ വീണ്ടും സ്ഥാനം തെറിച്ചു. നിലവിൽ റിസ്‌വാനാണ് ടി 20 ടീമിന്റെയും ഏകദിന ടീമിന്റെയും ക്യാപ്റ്റൻ. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഷാൻ മസൂദ് തന്നെ തുടരുന്നു. ചെയർമാൻ സ്ഥാനം മുതൽ ക്യാപ്റ്റന്‍സി വരെ നീളുന്ന ഈ അനിശ്ചിതത്വം തന്നെയാണ് പാക്സിതാണ് ക്രിക്കറ്റിനെ സമീപ കാലത്ത് പിന്നോട്ടടിക്കുന്നത്.
Content Highlights: what happening in pak cricket