'വൈറ്റ്ബോളിലെ ആകെയുള്ളൊരു ഇംപാക്ട് താരമായിരുന്നു, അയാളേയും പുറത്താക്കി!' ഫഖറിന് സപ്പോർട്ടുമായി ആമിർ

ഫഖറിന്റെ കരാർ ഉൾപ്പടെ പിസിബി റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

dot image

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ ഓസീസിനും സിംബാബ് വെയ്ക്കും എതിരായ ടൂർണമെന്റ് സെലക്ഷനിലെ ഏറ്റവും വലിയ സർപ്രൈസായിരുന്നു ഓപണറായ ഫഖർ സമാനെ ഉൾപ്പെടുത്താതിരുന്ന നീക്കം. ഇപ്പോൾ അവരുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഫഖറിനെ അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയതിനെ ചോദ്യം ചെയ്ത് രം​ഗത്തെത്തിയിരിക്കുകയാണ് മറ്റൊരു സൂപ്പർ താരവും പ്രധാനപേസറുമായ മുഹമ്മദ് ആമിർ.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റിനു ശേഷം സൂപ്പർ ബാറ്ററായ ബാബർ അസമിനെ സെലക്ടർമാർ മോശം ഫോമിന്റെ പേരിൽ പുറത്തു നിർത്തിയിരുന്നു. അന്ന് പിസിബിയുടെ നടപടിയെ വിമര്‍ശിച്ച് ഓപണിങ് ബാറ്റര്‍ കൂടിയായ ഫഖർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി നേരത്തേ ദീര്‍ഘനാള്‍ ഫോം ഔട്ടായിട്ടും ടീമില്‍ നിലനിര്‍ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഫഖർ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 47 റണ്‍സിനും പാകിസ്താന്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ആയിരുന്നു ബാബറിനെയും സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും ടീമില്‍ നിന്ന് ഒഴിവാക്കിയത്. ബാബറിനെ ടീമില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫഖര്‍ സമാന്‍ പിസിബിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. 'ബാബര്‍ അസമിനെ പുറത്താക്കിയത് ആശങ്കാജനകമാണ്. 2020-2023 വര്‍ഷങ്ങള്‍ക്കിടെ യഥാക്രമം 19.33, 28.21, 26.50 ശരാശരിയായിരുന്നിട്ടും വിരാട് കോഹ്ലിയെ ഇന്ത്യ പുറത്തിരുത്തിയില്ല. പാകിസ്താന്റെ എക്കാലത്തേയും മികച്ച ബാറ്ററെ പുറത്താക്കിയത് തെറ്റായ സന്ദേശമാണ് താരങ്ങള്‍ക്ക് നല്‍കുക. കടുത്ത തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. പ്രധാന താരങ്ങളുടെ കരിയറിന് തുരങ്കം വയ്ക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് വേണ്ടത്'- ഫഖര്‍ സമാന്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് ടെസ്റ്റുകളിൽ ബാബറില്ലെങ്കിലും വിജയിക്കാമെന്ന് തെളിയിച്ചു പാക് ടീം.


അതിനു ശേഷം കഴിഞ്ഞ ദിനം പ്രഖ്യാപിച്ച ടീമിൽനിന്നാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ അവരുടെ പ്രധാനതാരമായ ഫഖറിനെ സെലക്ടർമാർ പുറത്താക്കിയിരിക്കുന്നത്. ഫഖറിന്റെ കരാർ ഉൾപ്പടെ പിസിബി റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇപ്പോൾ ഫഖറിനെ പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാക് പേസറായ മുഹമ്മദ് ആമിർ. ഫഖർ സമാനെ പുറത്താക്കിയത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസാണ്. വൈറ്റ് ബോൾ ക്രിക്കറ്റിലെ ആകെയുള്ള ഇംപാക്ട് പ്ലേയറായിരുന്നു ഫഖർ. ആമിർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.

ഫഖറിനെ പുറത്താക്കിയതിന്റെ കാരണങ്ങളിൽ ട്വീറ്റും ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് പാക് ചീഫ് മുഹ്സിൻ നഖ് വിയും രം​ഗത്ത് വന്നിരുന്നു. ആ സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് പുറത്താക്കാനുള്ള കാരണമെന്നാണ് നഖ് വിയുടെ വിശദീകരണം.

Content Highlight: Mohammad Amir about Fakhar Zaman omission from pakistan team.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us