ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർച്ചയിൽ നിന്ന് കരകയറി കേരളം. മഴയ്ക്കൊപ്പം ബംഗാൾ ബൗളർമാരും വില്ലന്മാരായ മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്ക് പോയ കേരളത്തെ അതിഥി താരം ജലജ് സക്സേന രക്ഷപ്പെടുത്തി. തകർപ്പൻ അർധ സെഞ്ച്വറിയുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിന്ന ജലജ് സക്സേനയുടെ മികവിൽ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ 102 ഓവറിൽ 167 ന് ഏഴ് എന്ന നിലയിലാണ് കേരളം. ജലജ് സക്സേന 82 റൺസെടുത്ത് പുറത്തായപ്പോൾ സൽമാൻ നിസാർ 64 റൺസെടുത്തും മുഹമ്മദ് അസറുദ്ധീൻ 30 റൺസെടുത്തും ക്രീസിലുണ്ട്.
ഒരു ഘട്ടത്തിൽ കൂട്ടത്തോടെ തകർന്ന് ആറ് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലേക്ക് പതിച്ച കേരളത്തിന്, ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ജലജ് സക്സേന–സൽമാൻ നിസാർ സഖ്യം കരുത്തായത്. ശേഷം മുഹമ്മദ് അസറുദ്ധീനും ക്രീസിൽ നിലയുറപ്പിച്ചു. സക്‌സേനയ്ക്ക് പുറമെ ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), അക്ഷയ് ചന്ദ്രൻ (72 പന്തിൽ ആറു ഫോറുകളോടെ 31) എന്നിവരാണ് ഇന്ന് കേരള നിരയിൽ പുറത്തായത്. രണ്ടാം ദിനം മൂന്നു വിക്കറ്റ് പിഴുത് കേരളത്തെ കൂട്ടത്തകർച്ചയിലേക്കു തള്ളിയിട്ട ഇഷാൻ പോറലാണ് ഇന്ന് ഇരുവരെയും പുറത്താക്കിയത്. ഇതുവരെ 20 ഓവറുകൾ എറിഞ്ഞ പോറൽ 69 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
നേരത്തേ, കനത്ത മഴമൂലം ഒന്നാം ദിനം പൂർണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം, കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 51 എന്ന നിലയിലായിരുന്നു. രണ്ടാം ദിനവും 15 ഓവർ മാത്രമാണ് മത്സരം നടന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 33 റൺസുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു കേരളത്തിന്റെ ബാറ്റിങ് തകർച്ച. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), രോഹൻ എസ് കുന്നുമ്മൽ (23), ബാബ അപരാജിത് (0), ആദിത്യ സർവതെ (5) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
Content Highlights: Bengal vs kerala Ranji Trophy: Saxena, Nizar pull Kerala against Bengal