ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് പല രീതിയിലുള്ള വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് മുൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമയും. കഴിഞ്ഞ ടി20 കിരീട വിജയത്തോടെ ടെസ്റ്റ്-ഏകദിന ടീമുകളിലേക്ക് മാത്രമൊതുങ്ങിയ ഇരുവർക്കും സമീപ കാലത്ത് മികച്ച പ്രകടനങ്ങളൊന്നും കാഴ്ച വെക്കാനായിട്ടില്ല. ന്യൂസിലാൻഡിന്റെ സ്പിൻ നിരയ്ക്ക് മുന്നിൽ വീണ ഇരുവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയി കഴിവ് തെളിയിക്കണമെന്നും ഇപ്പോൾ ആവശ്യം ഉയരുന്നുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത ഇരുവർക്കും മുന്നിൽ 40–ാം വയസ്സിൽ രഞ്ജി ട്രോഫി കളിച്ച സച്ചിനെ എടുത്ത് കാണിക്കുകയാണ് ആരാധകർ.
ക്രിക്കറ്റ് ലോകം ഒന്നടങ്കം ബഹുമാനിച്ചിരുന്ന സച്ചിൻ തെൻഡുൽക്കറിന് 40–ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാമെങ്കിൽ, ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലി രോഹിത് ശർമയ്ക്കും എന്തുകൊണ്ട് പറ്റില്ല എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 2013ൽപ്പോലും രഞ്ജി ട്രോഫി കളിച്ചിരുന്നു. അതായത് 40–ാം വയസ്സിലും ഇന്ത്യയ്ക്കായി കളിക്കുന്നതിനൊപ്പം തന്നെ ആഭ്യന്തര ക്രിക്കറ്റിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വിരാട് കോഹ്‌ലിയാകട്ടെ, ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫിയിൽ കളിച്ചത് 2012ലാണ്. ഒരു പതിറ്റാണ്ടിലധികം മുൻപ് വിരമിച്ച സച്ചിൻ തെൻഡുൽക്കറിനേക്കാൾ മുമ്പാണത്. ഇന്ത്യൻ ടീം നായകൻ കൂടിയായ രോഹിത് ശർമ ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫിയിൽ കളിച്ചത് 2015–16 സീസണിലാണ്.
Content Highlights: Fans question Virat kohli and Rohit sharma