ടി20 ടീം മാത്രമായോ ഇന്ത്യ? ലങ്കയോടും കിവികളോടും തോറ്റു; ഓസീസ് പരമ്പര ഗംഭീറിനും രോഹിതിനും വിരാടിനും നിർണ്ണായകം

ടി20 ലോക കിരീടവും ടി20 പരമ്പരകളും തൂത്തുവാരിയിട്ടും ടെസ്റ്റിലും ഏകദിനത്തിലും ആ മികവുകളൊന്നും ആവർത്തിക്കാൻ പറ്റാത്തതിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം

dot image

ടി20 ലോക കിരീടവും ടി20 പരമ്പരകളും തൂത്തുവാരിയിട്ടും ടെസ്റ്റിലും ഏകദിനത്തിലും ആ മികവുകളൊന്നും ആവർത്തിക്കാൻ പറ്റാത്തതിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം. 12 വര്‍ഷത്തെ നാട്ടിലെ ടെസ്റ്റ് പരമ്പരകളിലെ അപരാജിത കുതിപ്പ് കൂടി ന്യൂസിലാൻഡിന് മുന്നിൽ അടിയറവ് പറഞ്ഞതോടെ വിമർശനം ശക്തമായിരിക്കുകയാണ്. ബെംഗളൂരു ടെസ്റ്റില്‍ തോറ്റ ഇന്ത്യ പുണെയിലും പരാജയം ഏറ്റുവാങ്ങി പരമ്പര അടിയറവെയ്ക്കുകയായിരുന്നു.

ടീമിന്റെ സമീപനമാണ് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ആക്രമണോത്സുകത ആവശ്യമാണെങ്കിലും അത് അമിതമായാല്‍ ദേഷമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടി20 യും ഏകദിനവും കളിക്കുന്ന ശൈലിയിൽ ടെസ്റ്റും കളിക്കുന്നതിന്റെ പ്രശ്നമെന്നാണ് മുതിർന്ന മുൻ താരങ്ങൾ ചൂണ്ടി കാണിക്കുന്നത്. മുൻ താരങ്ങൾ ചൂണ്ടി കാണിച്ച പ്രകാരമായിരുന്നു ഇന്ത്യൻ ടീമിന്റെ സമീപ കാല പ്രകടനവും. ടി20 കിരീടം നേടിയ ശേഷമുള്ള സിംബാംബ്‌വേക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി 20 പരമ്പര 4-1നും 3-0നും കരസ്ഥമാക്കിയിരുന്നു ടീം ഇന്ത്യ. ശേഷം ബംഗ്ലാദേശിനെതിരായ ടി20 പരമ്പര 3-0 നും ടീം ഇന്ത്യ സ്വന്തമാക്കി. എന്നാൽ ശ്രീലങ്കക്കെതിരെ അവരുടെ നാട്ടിൽ നടന്ന ഏകദിന പരമ്പര 2-0 ന് അടിയറവ് പറഞ്ഞു. 27 വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയോടുള്ള പരമ്പര തോൽവി കൂടിയായിരുന്നു അത്. ശേഷം ബെംഗളൂരുവിലും പുണെയിലും നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളും തോറ്റു. ബെംഗളൂരു ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനെടുത്ത തീരുമാനവും തിരിച്ചടിച്ചു. വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ടീം മത്സരം എട്ടു വിക്കറ്റിന് തോറ്റു. 36 വര്‍ഷത്തിന് ശേഷമായിരുന്നു കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്.

ടീമിലെ സീനിയര്‍ കളിക്കാരെ ടീം അമിതമായി ആശ്രയിക്കുന്നതും വിമര്‍ശിക്കപ്പെട്ടു. രണ്ട് ടെസ്റ്റിലും രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും കാര്യമായ സംഭാവനകള്‍ നല്‍കാനും സാധിച്ചില്ല. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ സ്ഥിരത കൈവരിക്കാനാകാതെ ബുദ്ധിമുട്ടി. സ്പിന്‍ ബൗളിങ് നേരിടാന്‍ കിവീസ് ബാറ്റര്‍മാര്‍ സ്വീകരിച്ചത് പോലുള്ള യാതൊരു തന്ത്രവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും സ്ലോഗ് സ്വീപ്പുകളുമായി കിവീസ് ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ആക്രമിച്ച് മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കളഞ്ഞ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സമീപനവും വിമര്‍ശിക്കപ്പെട്ടു. ഇതോടെ കൂടുതൽ സമയം നീണ്ടു നിൽക്കുന്ന മത്സരങ്ങളെ നേരിടാനുള്ള പരിശീലകൻ ഗംഭീറിന്റെയും ക്യാപ്പ്റ്റൻ രോഹിത് ശർമയുടെയും മികവും ചോദ്യം ചെയ്യപ്പെട്ടു. ഒപ്പം വിരാടിന്റെ പ്രതിഭ മങ്ങിയോ എന്ന ആരാധക സംശയങ്ങളും ഉയർന്നു.

പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നുമുതല്‍ മുംബൈയിലാണ്. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയിപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായി അവരുടെ നാട്ടിൽ കൂടി നടക്കുന്ന ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി കൂടി കൈവിട്ടാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും അടുത്ത മത്സരം സ്വന്തമാക്കുക എന്നതിനപ്പുറം തങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുക ആകൂടിയാകും ബിസിസിഐക്കും ഗംഭീറിനും രോഹിതിനും വിരാടിനും മുന്നിലുള്ള വെല്ലുവിളി.

dot image
To advertise here,contact us
dot image