ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതാരം നിതീഷ് കുമാർ റെഡ്ഡി. 'രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഞാൻ ഒരു റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചിരുന്നു. ആ പന്തിൽ ഞാൻ ഔട്ടാകേണ്ടതായിരുന്നു. റിവ്യൂ പരിശോധനയിൽ ഔട്ടല്ലെന്ന് തെളിഞ്ഞു. ഇതിന് ശേഷമുള്ള ബ്രേയ്ക്ക് സമയത്ത് ഗംഭീർ എന്നെ സമീപിച്ചു. നിതീഷ് നിനക്ക് വളരെ എളുപ്പത്തിൽ ബൗണ്ടറികൾ നേടാനുള്ള കരുത്തുണ്ട്. പന്ത് ഇത്രയും താഴ്ന്ന് വരുമ്പോൾ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞു. പിന്നാലെ കരുത്ത് ഉപയോഗിച്ചാണ് ഞാൻ കളിച്ചത്. അത് മികച്ച സ്കോറിലേക്കെത്താൻ എന്നെ സഹായിച്ചു'- നിതീഷ് കുമാർ റെഡ്ഡി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാകുകയാണ് എന്റെ ലക്ഷ്യം. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണത്. ഇന്ത്യൻ ടീമിനൊപ്പം കളിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എങ്കിലും എന്റെ ഏറ്റവും ആത്യന്തികമായ ലക്ഷ്യം മികച്ച ഓൾ റൗണ്ടർ ആകുകയെന്നതാണ്. അതുകൊണ്ടാണ് ബാറ്റിങ്ങിനൊപ്പം ഞാൻ ബൗളിങ്ങിലും പരിശീലനം നടത്തുന്നുമുണ്ട്. നിതീഷ് കുമാർ റെഡ്ഡി വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്ലോടെയാണ് നിതീഷ് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. സൺറൈസേഴ്സ് ഹൈദരാബാദ് താരമായി 11 മത്സരങ്ങളിൽ നിന്നായി താരം 303 റൺസ് നേടി. ഇതോടെ കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റിൽ മൂന്ന് മത്സരങ്ങൾ കളിച്ച നിതീഷ് 90 റൺസ് നേടിയിട്ടുണ്ട്.
Content Highlights: Nitish Reddy says Gambhir's advice helped him reach big score