ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുമ്പായി വിരാട് കോഹ്‍ലി ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, പേസർ മുഹമ്മദ് സിറാജ്, മധ്യനിര താരങ്ങളായ ഗ്ലെൻ മാക്സ്‍വെൽ, രജത് പാട്ടിദാർ എന്നിവർക്കൊപ്പം അൺക്യാപ്ഡ് താരമായി യാഷ് ദയാലിനെയും നിലനിർത്താൻ ബെംഗളൂരു മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
ഐപിഎല്ലിന്റെ തുടക്കം മുതൽ വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടി കോഹ്‍ലി ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിജയിയായിരുന്നു. കഴിഞ്ഞ സീസണിൽ അത്രമേൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും പേസും ബൗൺസും നിലനിർത്താൻ കഴിയുന്നതാണ് സിറാജിന് ഗുണം ചെയ്യുന്നത്.
ട്വന്റി 20 ലീഗുകളിൽ സ്ഥിര സാന്നിധ്യമായ ഫാഫ് ഡു പ്ലെസിസ് റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് തുടരണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ഡു പ്ലെസി നയിച്ച സെന്റ് ലൂസിയ കിങ്സ് കരീബിയൻ പ്രീമിയർ ലീഗിൽ ചാംപ്യന്മാരായത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഒഴിവാക്കിയാൽ ഗ്ലെൻ മാക്സ്‍വെല്ലിന്റെ കഴിവിലും റോയൽ ചലഞ്ചേഴ്സിന് വിശ്വാസമുണ്ട്.
സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുന്നതാണ് രജത് പാട്ടിദാറിന്റെ സാന്നിധ്യം റോയൽ ചലഞ്ചേഴ്സ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ മികവാണ് യാഷ് ദയാലിനെ ഇന്ത്യൻ ദേശീയ ടീമിലെത്തിച്ചത്. എന്നാൽ ഇന്ത്യൻ ടീമിൽ അരങ്ങേറാൻ ദയാലിന് കഴിഞ്ഞില്ല. അതിനാൽ അൺക്യാപ്ഡ് താരമായി ദയാലിനെ റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയേക്കും.
Content Highlights: Six Players RCB Could Retain Ahead Of IPL 2025 Mega Auctions