വനിതാ ഏകദിനത്തിലെ ബൗളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്താണ് ദീപ്തി എത്തിയത്. 687 റേറ്റിങ് പോയിന്റോടെയാണ് ദീപ്തി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണിത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും മുന്നേറിയ ദീപ്തി നാലാം സ്ഥാനത്തെത്തി.
Indian all-rounder #DeeptiSharma attains a career-best No. 2 spot in the Women's #ODI bowlers' rankings.#Cricket 🏏 pic.twitter.com/ZzuIUwS2lj
— All India Radio News (@airnewsalerts) October 29, 2024
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ദീപ്തി ശര്‍മയ്ക്ക് തുണയായത്. ഒക്ടോബര്‍ 24ന് നടന്ന ഒന്നാം ഏകദിനത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡ് വനിതകളെ ഇന്ത്യ മുട്ടുകുത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 51 പന്തില്‍ 41 റണ്‍സ് നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ദീപ്തി ശര്‍മയായിരുന്നു മത്സരത്തിലെ താരം.
ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ദീപ്തിയുടെ മുന്നേറ്റം. ഇംഗ്ലണ്ടിന്റെ കേറ്റ് ക്രോസ്, ഓസ്ട്രേലിയയുടെ മേഗന്‍ ഷട്ട് എന്നിവരെയാണ് ദീപ്തി പിന്തള്ളിയത്. ഇംഗ്ലണ്ടിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ സോഫി എക്ലെസ്റ്റോണ്‍ 770 റേറ്റിംഗ് പോയിന്റുമായി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 36-ാം സ്ഥാനത്തുള്ള ഫാസ്റ്റ് ബൗളര്‍ രേണുക സിങ് താക്കൂറാണ് റാങ്കിങ്ങിലെ അടുത്ത ഇന്ത്യന്‍ ബൗളര്‍.
അതേസമയം വനിതാ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 705 റേറ്റിങ് പോയിന്റാണ് മന്ദാനയുടെ സമ്പാദ്യം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും റാങ്കിങ്ങില്‍ തിരിച്ചടിയുണ്ടായി. ഹര്‍മന്‍പ്രീത് 635 റേറ്റിംഗ് പോയിന്റുമായി ആദ്യ പത്തില്‍ നിന്ന് 13-ാം സ്ഥാനത്തെത്തി. മറുവശത്ത് ജെമിമ റോഡ്രിഗസ് മൂന്ന് സ്ഥാനങ്ങള്‍ കയറി 31-ാം സ്ഥാനത്തെത്തി.
ബാറ്റിംഗ് റാങ്കിങ്ങില്‍ 760 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കൈവര്‍-ബ്രണ്ടാണ് ഒന്നാം സ്ഥാനത്ത്. 756 റേറ്റിങ് പോയിന്റുള്ള ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് രണ്ടാമതും 733 റേറ്റിങ് പോയിന്റുമായി ശ്രീലങ്കയുടെ ചമരി അത്തപ്പത്തു രണ്ടാമതുമാണ്.
Content Highlights: India's Deepti Sharma moved to No.2 in the ICC rankings for bowlers