ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ സ്പിന്നർ വാഷിങ്ടൺ സുന്ദറിനായി വലവിരിച്ച് ഐപിഎൽ ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളാണ് സുന്ദറിനായി ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് സുന്ദർ. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഹൈദരാബാദ് സുന്ദറിന് അവസരം നൽകിയത്. ഹൈദരാബാദ് നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിലും സുന്ദർ ഇടംപിടിച്ചിട്ടില്ല.
സ്പിൻ ബൗളിങ്ങിന് പുറമെ ബാറ്റുകൊണ്ടും സംഭാവന ചെയ്യാൻ കഴിയുന്നതാണ് സുന്ദറിനെ വ്യത്യസ്തമാക്കുന്നത്. നിലവിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ സ്പിൻ വിഭാഗം നിയന്ത്രിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ട്വന്റി 20 കരിയർ മതിയാക്കിയ ജഡേജയ്ക്ക് പകരമായി ഒരു ഇന്ത്യൻ സ്പിന്നറെ ടീമിലെത്തിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം.
പീയൂഷ് ചൗള എന്ന ഒറ്റതാരത്തിലേക്ക് മുംബൈ ഇന്ത്യൻസ് സ്പിൻ വിഭാഗം ഒതുങ്ങുന്നു. 35കാരനായ ചൗളയ്ക്ക് പകരക്കാരനാവാൻ സുന്ദറിന് കഴിയുമെന്നാണ് മുംബൈ പ്രതീക്ഷിക്കുന്നത്. റാഷിദ് ഖാന്റെ സാന്നിധ്യമുണ്ടെങ്കിലും മെഗാലേലത്തിന് മുമ്പായി താരത്തെ നിലനിർത്തുകയാണ് ഗുജറാത്തിന് മുന്നിലുള്ള വെല്ലുവിളി. മെഗാലേലത്തിന് മുമ്പായി ഒന്നാം താരമായി തന്നെ നിലനിർത്തണമെന്നാണ് റാഷിദിന്റെ ആവശ്യം. നൂർ അഹമ്മദാണ് ഗുജറാത്ത് നിരയിലെ മറ്റൊരു സ്പിന്നർ.
Content Highlights: MI, CSK Among Three IPL Teams Interested In Signing Washington Sundar