രഞ്ജി ട്രോഫി; ബംഗാളിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡോടെ സമനില

ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി കേരളം ഡിക്ലയര്‍ ചെയ്തിരുന്നു

dot image

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍- കേരള മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡോടെയാണ് കേരളം സമനില വഴങ്ങിയത്. മഴ വില്ലനായി എത്തിയിരുന്ന മത്സരത്തിന്റെ അവസാന ദിവസമാണ് ബംഗാള്‍ സമനില പിടിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി കേരളം ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ഇന്നിങ്‌സില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത് നില്‍ക്കവേ വെളിച്ചക്കുറവ് കാരണം മത്സരം നിര്‍ത്തിയതോടെയാണ് സമനിലയില്‍ പിരിഞ്ഞത്.

സമനില വഴങ്ങേണ്ടി വന്നെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത കേരളത്തിന് രണ്ട് പോയിന്റും ബംഗാളിന് ഒരു പോയിന്റുമാണ് ലഭിച്ചത്. പോയിന്റ് പട്ടികയില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കേരളത്തിന് സാധിച്ചു.

മത്സരത്തിന്റെ അവസാന ദിവസം 120 ഓവറില്‍ 356 റണ്‍സിന് ഒന്‍പത് വിക്കറ്റെന്ന നിലയില്‍ കേരളം ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ വാലറ്റക്കാരുടെ മിന്നും പ്രകടനമാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 95 റണ്‍സെടുത്ത സല്‍മാന്‍ നിസാറും 84 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച ബാറ്റിങ് കാഴ്ച വെച്ചപ്പോള്‍ ജലജ് സക്‌സേന 84 റണ്‍സെടുത്ത് തിളങ്ങി. ബംഗാളിന്റെ ഇഷാന്‍ പോറല്‍ 103 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കരുതലോടെയാണ് ബംഗാള്‍ തുടങ്ങിയത്. ഓപണര്‍മാരായ ശുവം ദേയും സുദീപ് ചാറ്റര്‍ജിയും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ബംഗാളിന് മികച്ച തുടക്കം സമ്മാനിച്ചു. ഓപണിങ് വിക്കറ്റില്‍ 101 റണ്‍സാണ് ഇരുവരും കൂടി അടിച്ചെടുത്തത്. 57 റണ്‍സെടുത്ത സുദീപ് ചാറ്റര്‍ജിയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ജലജ് സക്‌സേന കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശുവം ദേയെയും (67) അവിലിന്‍ ഘോഷിനെയും (4) മടക്കി ആദിത്യ സര്‍വതെ ബംഗാളിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ അനുസ്തൂപ് മജുംദാറും (21) സുദീപ് കുമാര്‍ ഘരാമിയും (31) ചെറുത്തുനിന്നതോടെയാണ് ബംഗാള്‍ 180 കടന്നത്.

Content Highlights: Ranji Trophy: Kerala vs Bengal match ends in draw

dot image
To advertise here,contact us
dot image