രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി പുജാര; റെയില്‍വേസിനെതിരെ സൗരാഷ്ട്രയ്ക്ക് പരാജയം

റെയില്‍വേസിനെതിരായ രണ്ട് ഇന്നിങ്‌സുകളിലും പുജാര രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു

dot image

രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെതിരെ പരാജയം വഴങ്ങി സൗരാഷ്ട്ര. 37 റണ്‍സിനാണ് സൗരാഷ്ട്ര തോല്‍വി ഏറ്റുവാങ്ങിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി മോശം പ്രകടനമാണ് ഇന്ത്യയുടെ സീനിയര്‍ താരം ചേതേശ്വര്‍ പുജാര പുറത്തെടുത്തത്. റെയില്‍വേസിനെതിരായ രണ്ട് ഇന്നിങ്‌സുകളിലും താരം രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേസ് 234 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സൗരാഷ്ട്ര 196 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 141 റണ്‍സെടുത്ത് റെയില്‍വേസ് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ സൗരാഷ്ട്ര 142 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി നാലാമതായി ക്രീസിലെത്തിയ പുജാര 19 പന്തില്‍ കേവലം രണ്ട് റണ്‍സെടുത്ത് മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ പുജാര 18 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ റെയില്‍വേസിന് വേണ്ടി യുവ്‌രാജ് സിങ്ങും (67) വിവേക് സിങ്ങും (65) അര്‍ധ സെഞ്ച്വറി നേടി. മുഹമ്മദ് സൈഫ് (20), ഉപേന്ദ്ര യാദവ് (22), കരണ്‍ ശര്‍മ (29), എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടി യുവ്‌രാജ് സിങ് ധോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ട്, ധര്‍മ്മേന്ദ്രസിങ് ജഡേജ, പാര്‍ഥ് ഭട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

സൗരാഷ്ട്രയുടെ മറുപടി ഇന്നിങ്‌സില്‍ പ്രേരക് മങ്കാട് മാത്രമാണ് തിളങ്ങിയത്. 62 പന്തില്‍ 52 റണ്‍സെടുത്താണ് പ്രേരക് മടങ്ങിയത്. റെയില്‍വേസിന് വേണ്ടി കരണ്‍ ശര്‍മ നാലും ആകാശ് പാണ്ഡേ മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ശിവം ചൗധരി മാത്രമാണ് റെയില്‍വേസിന് വേണ്ടി തിളങ്ങിയത്. 67 പന്തില്‍ 35 റണ്‍സാണ് ശിവം ചൗധരിയുടെ സമ്പാദ്യം. സൗരാഷ്ട്രയ്ക്ക് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ധര്‍മേന്ദ്രസിങ് ജഡേജയാണ് റെയില്‍വേസിനെ തകര്‍ത്തത്. യുവ്‌രാജ് സിങ് ധോഡിയ മൂന്ന് വിക്കറ്റും വീഴ്ത്തി.

180 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് വേണ്ടി ഷെല്‍ഡോണ്‍ ജാക്‌സണ്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. താരം 60 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. പ്രേരക് മങ്കാഡ് 56 പന്തില്‍ 35 റണ്‍സെടുത്തു. റെയില്‍വേസിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി അയാന്‍ ബി ചൗധരിയും നാല് വിക്കറ്റെടുത്ത് കരണ്‍ ശര്‍മയും തിളങ്ങിയതോടെ 37 റണ്‍സകലെ സൗരാഷ്ട്ര കൂടാരം കയറി.

Content Highlights: Ranji Trophy: Railways beats Saurashtra by 37 runs

dot image
To advertise here,contact us
dot image