അഭ്യൂഹങ്ങളൊക്കെയും ശരി തന്നെ, പന്തില്ലാതെ ഡൽഹിയുടെ റീടെൻഷൻ ലിസ്റ്റ്; പഴയ ക്യാപ്റ്റനെ തിരിച്ചുകൊണ്ടുവന്നേക്കും

നേരത്തെ തന്നെ റിഷഭ് പന്ത് ഈ സീസണിൽ ഡൽഹിയിൽ നിന്ന് മാറുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

dot image

ഐപിഎൽ 2025 റീടെൻഷൻ ലിസ്റ്റുമായി ഡൽഹി ക്യാപിറ്റൽസ്. വിക്കറ്റ് കീപ്പറും അവരുടെ ക്യാപ്റ്റനുമായിരുന്ന റിഷഭ് പന്തില്ലാതെയാണ് ഡൽഹിയുടെ ലിസ്റ്റ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ട്. ഡൽഹി അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറെൽ എന്നിവരെയാണ് റീട്ടെയ്ൻ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ തന്നെ റിഷഭ് പന്ത് ഈ സീസണിൽ ഡൽഹിയിൽ നിന്ന് മാറുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. റിഷഭ് ചെന്നൈയിലേക്ക് മാറുമെന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിം​ഗ് ധോണി ഒഴിഞ്ഞതോടെ കഴിഞ്ഞ സീസണിൽ റുതുരാജ് ഗെയ്ക്ക്‌വാദാണ്‌ ടീമിനെ നയിച്ചത്. എന്നാൽ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. റിഷഭ് വരുന്നതോടെ ധോണിയുടെ പകരക്കാരനാവാൻ കഴിയുമെന്ന ​ഗുണവുമുണ്ട്. ഒപ്പം ക്യാപ്റ്റൻസിയും അദ്ദേഹത്തിൽ ഭദ്രമാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. അതുപോലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിലേക്ക് പോകുമെന്ന വാർത്തകൾ നിഷേധിച്ച് റിഷഭ് പന്ത് തന്നെ രം​ഗത്ത് വന്നിരുന്നു.

സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു പോസ്റ്റിൽ റിഷഭ് പന്ത് റോയൽ ചലഞ്ചേഴ്സിലേക്ക് പോകാൻ ആ​ഗ്രഹിച്ചിരുന്നതായും എന്നാൽ വിരാട് കോഹ്‍ലി ഇത് തടഞ്ഞുവെന്നുമായിരുന്നു പ്രചാരണം. ഈ പോസ്റ്റിന് താഴെയാണ് റിഷഭ് പന്ത് കമന്റുമായി എത്തിയത്. 'വ്യാജ വാർത്തയാണിത്. എന്തിനാണ് നിങ്ങൾ ഇത്തരം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. നാം വിവേകത്തോടെ പെരുമാറണം. ഇത്തരം വ്യാജപ്രചരണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയില്ല. ഇതാദ്യമായല്ല ഇത്തരം പ്രചാരണങ്ങൾ ഞാൻ എതിർക്കുന്നത്. ഇതൊരു പക്ഷേ അവസാനത്തേതും ആയിരിക്കില്ല. നിങ്ങളുടെ വാർത്താകേന്ദ്രങ്ങൾ വീണ്ടും പരിശോധിക്കുക. ഓരോദിവസവും ഇത് വളരെ മോശമായി തുടരുകയാണ്. ഒരുപാട് ആളുകൾക്ക് ഇത് തെറ്റിദ്ധാരണയ്ക്ക് കാരണാമാകുന്നു.' റിഷഭ് പന്ത് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

കഴിഞ്ഞ സീസണിൽ റിഷഭിന്റെ നേതൃത്വത്തിലിറങ്ങിയ ഡൽഹിക്ക് പ്ലേയി ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. റിഷഭിന്റെ പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ റിഷഭ് നന്നായി ബാറ്റ് ചെയ്തെങ്കിലും ടീമിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. 14 പോയിന്റുമായി ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 2020 നു ശേഷം അവർക്ക് പ്ലേ ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. റിഷഭ് കഴിഞ്ഞ സീസണിൽ 446 റൺസാണ് അടിച്ചെടുത്തത്.

അടുത്ത സീസണിൽ റിഷഭിനു പകരം മുൻനായകനും കെകെആറിനു കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഡൽഹി തിരിച്ചുകൊണ്ടുവരുമെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us