ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഒഴിവാക്കാനുള്ള തീവ്രശ്രമവുമായി ടീം ഇന്ത്യ. ഇതിനായി മൂന്നാം ടെസ്റ്റിൽ ‘റാങ്ക് ടേണർ’ പിച്ച് തയാറാക്കാനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നീക്കം. ആദ്യ ദിവസം മുതൽ സ്പിന്നർമാരെ സഹായിക്കുന്നതാണ് ഇത്തരം പിച്ചുകളുടെ പ്രത്യേകത. പൂനെയിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയിട്ടും മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രവിചന്ദ്രൻ അശ്വിന് മികച്ച റെക്കോർഡുള്ള സ്റ്റേഡിയമെന്ന നിലയിലാണ് വാങ്കഡെയിൽ സ്പിൻ ട്രാക്ക് ഒരുക്കാൻ ഇന്ത്യൻ ടീം തീരുമാനമെടുത്തിരിക്കുന്നത്.
സ്പിന്നിനൊപ്പം പേസിനും മുംബൈ പിച്ച് സഹായകരമാകും. പിച്ചിലെ ചുവന്ന മണ്ണിന്റെ സാന്നിധ്യം പേസർമാർക്ക് ബൗൺസ് നൽകാൻ സഹായിക്കും. രണ്ടാം ടെസ്റ്റിൽ പേസ് ബൗളർമാർക്ക് തീർത്തും പിന്തുണ ലഭിച്ചിരുന്നില്ല. ഇരുടീമുകളുടെയും 40 വിക്കറ്റുകൾ വീണതിൽ 39ഉം സ്വന്തമാക്കിയത് സ്പിന്നർമാരായിരുന്നു. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ 11 വിക്കറ്റുകൾ വീഴ്ത്തി. ന്യൂസിലാൻഡ് നിരയിൽ മിച്ചൽ സാന്റനർ വീഴ്ത്തിയത് 13 വിക്കറ്റുകളാണ്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു. 2012-2013ൽ അലിസ്റ്റർ കുക്കിന്റെ ഇംഗ്ലണ്ട് ടീമിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. മൂന്നാം ടെസ്റ്റ് വിജയിച്ച് ആശ്വാസ വിജയം നേടാനാണ് ഇന്ത്യയുടെ ശ്രമം. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലെ വിജയം നിർണായകമാണ്.
Content Highlights: India demand 'rank turner' for 3rd Test vs New Zealand at Wankhede Stadium