റീട്ടെൻഷൻ ലിസ്റ്റ് വരാൻ ഇനി മണിക്കൂറുകൾ മാത്രം, മുംബൈയുടെ പ്ലാൻ ഇങ്ങനെ; നിലനിർത്താൻ സാധ്യതയുള്ള 5 പേർ ഇവരാണ്

14 മത്സരങ്ങളിൽ നിന്നായി വെറും 4 ജയങ്ങൾ മാത്രം നേടാനാണ് മുംബൈയ്ക്ക് കഴിഞ്ഞ വർഷം കഴിഞ്ഞത്.

dot image

ഒക്ടോബർ 31 ആണ് ഐ പി എല്ലിലെ ഓരോ ടീമുകൾക്കും റീടെൻഷൻ ലിസ്റ്റ് പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി. ഏവരും ഉറ്റുനോക്കുന്നത് എന്തായിരിക്കും മുംബൈ ഇന്ത്യൻസിന്റെ റീടെൻഷൻ ലിസ്റ്റ് എന്നാണ്. മുൻനായകനും ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകനുമായ രോഹിത് ശർമയെ അവർ നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണയും അവരെ മുന്നിൽ നിന്ന് നയിച്ചത് ഇന്ത്യൻ നായകൻ കൂടിയായ രോ​ഹിത് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് ഐപിഎല്ലിലും നിരാശാജനകമായ പ്രകടനമാണ് ഈ ക്യാപ്റ്റൻസി വിവാദങ്ങൾക്കിടെ മുംബൈ കാഴ്ചവെച്ചത്. ഹാർദികിനെ മുംബൈ ആരാധകർ കൂവിവിളിച്ചായിരുന്നു ഓരോ മത്സരത്തിലും വരവേറ്റത്. മുംബൈ ആവട്ടെ, പോയിന്റ് ടേബിളിൽ അവസാനക്കാരുമായി. 14 മത്സരങ്ങളിൽ നിന്നായി വെറും 4 ജയങ്ങൾ മാത്രം നേടാനാണ് മുംബൈയ്ക്ക് കഴിഞ്ഞ വർഷം കഴിഞ്ഞത്.

ഇതിനിടെ രോഹിത്തിനെ ഈ സീസണിൽ മുംബൈ കൈവിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. എങ്കിലും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രോ​ഹിത്, ഹാർദിക്, സൂര്യ, ബുംമ്ര എന്നിവരെ മുബൈ കൈവിടില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ നിലവിൽ രോഹിത്തിനു ശേഷം സൂര്യയാണ് ഇന്ത്യൻ ടി20 നായകനെങ്കിലും ഹാർദികിനെ ക്യാപ്റ്റൻസിയിൽ നിന്ന് ഒറ്റസീസണു ശേഷം മാറ്റാൻ മുംബൈ തയ്യാറായേക്കില്ല. അങ്ങനെ വരുമ്പോൾ ഇന്ത്യയുടെ രണ്ട് ക്യാപ്റ്റൻമാരും ഹാർദിക്കിന് കീഴിൽ കളിക്കാനുള്ള സാധ്യതയാണ് അടുത്ത ഐപിഎല്ലിൽ തെളിയുന്നത്.

മുംബൈ നിലനിർത്താൻ സാധ്യതയുള്ള പ്രധാനതാരങ്ങൾ ഇവരാണ്.
രോഹിത് ശർമ
രോഹിത്തിന് കീഴിലാണ് മുംബൈ 5 തവണയും കിരീടം നേടിയത്. സമ്മർദ ഘട്ടങ്ങളിൽ ടീമിനെ താങ്ങിനിർത്തിയിട്ടുള്ള രോഹിത്തിന്റെ അനുഭവസമ്പത്തിൽ ഇപ്രാവശ്യവും മുംബൈ വിശ്വാസമർപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ടീമിനെ ഒരു മെന്റർ എന്ന നിലയിൽ മുന്നോട്ട് നയിക്കാനും രോഹിത്തിന് സാധിക്കുമെന്നായിരിക്കും മാനേജ്മെന്റ് ചിന്ത. 257 മത്സരങ്ങളിൽ നിന്നായി ഹിറ്റ്മാൻ 6628 റൺസ് 43 അർധ സെഞ്ച്വറികളുടെയും ഒരു സെഞ്ച്വറികളുടെയും ബലത്തിൽ എടുത്തിട്ടുണ്ട്.


ജസ്പ്രീത് ബുംമ്ര
ബുംമ്രയാണ് ലോകത്തിലെയും ഐപിഎല്ലിലേയും മികച്ച ബോളറെന്നത് തർക്കമില്ലാത്ത കാര്യമാണ്. ​ഗെയിം ചേഞ്ചറായ ഒരു ബോളറെ ഒരിക്കലും ലേലത്തിൽ വിട്ടുകൊടുക്കാൻ ഒരു ടീമും തയ്യാറാവില്ല. 133 മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകൾ ബുംമ്ര നേടിയിട്ടുണ്ട്.


ഹാർദിക് പാണ്ഡ്യ
ഹാർദിക് ക്യാപ്റ്റൻ എന്ന നിലയിൽ കഴിഞ്ഞ സീസണിൽ പരാജയമായിരുന്നെങ്കിലും മുംബൈ ഇക്കുറിയും ഹാർദിക്കിനെ തന്നെ നിലനിർത്താനാണ് സാധ്യത. മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള ഹാർദിക്കിന്റെ കഴിവിൽ മുംബൈ വിശ്വാസമർപ്പിക്കാനാണ് സാധ്യത. പൂർണഫിറ്റായ ഹാർദിക് ഏത് ടീമിനും ഒരു മുതൽക്കൂട്ടാണ്. 137 മത്സരങ്ങളിൽ നിന്നായി 2525 റൺസാണ് ഹാർദിക് ഐപിഎല്ലിൽ നിന്ന് നേടിയത്. ഇതിനൊപ്പം 64 വിക്കറ്റുകളുമുണ്ട്.


സൂര്യകുമാർ യാദവ്

ഇന്ത്യൻ ടി20 ടീം നായകനായ സ്കൈ മുംബൈയുടെയും നെടുന്തൂണായ താരമാണ്. മികച്ച സ്ഥിരതയോടെ ഇക്കഴിഞ്ഞ സീസണുകളിൽ റൺസ് സ്കോർ ചെയ്ത താരമാണ്. അതിവേ​ഗം റൺസ് സ്കോർ ചെയ്യുന്നതിലും മിടുക്കനാണ് സൂര്യ. മുംബൈ ഒരിക്കലും അദ്ദേഹത്തെ ലേലത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്. 150 മത്സരങ്ങളിൽ നിന്നായി 24 അർധശതകങ്ങളുടെയും 2 സെഞ്ച്വറികളുടെയും അകമ്പടിയോടെ 3594 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

തിലക് വർമ
മുംബൈയുടെ യുവതാരമായ തിലക് കഴിഞ്ഞ സീസണുകളിലായി തന്റെ പ്രതിഭ തെളിയിച്ച താരമാണ്. പേസിനെയും സ്പിന്നിനേയും അനായാസം നേരിടാൻ കഴിവുള്ള താരമെന്ന നിലയിൽ മുംബൈ വരും സീസണിലും അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് സാധ്യത. 38 മത്സരങ്ങളിൽ നിന്നായി 1156 റൺസ് 6 അർധശതകങ്ങളുടെ പിൻബലത്തിൽ നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us