ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടത് വേദനിപ്പിച്ചെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. ബാറ്റര്‍മാരുടെ പ്രകടനമാണ് പരാജയത്തിന്റെ കാരണമെന്ന് പറയാനാകില്ലെന്നും ഗംഭീര്‍ തുറന്നുസമ്മതിച്ചു. ന്യൂസിലാന്‍ഡിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ഗംഭീര്‍ മുംബൈയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പങ്കുവെച്ചു.
'ന്യൂസിലാന്‍ഡിനെതിരായ പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ബാറ്റര്‍മാരാണ് നിരാശപ്പെടുത്തിയതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പരമ്പര നഷ്ടം വേദനിപ്പിക്കുന്നതാണ്. അതിനെ ഷുഗര്‍കോട്ട് ചെയ്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ തോല്‍വി എന്തായാലും വേദനിപ്പിച്ചേ തീരൂ, കാരണം ആ വേദന പിന്നീട് നല്ല സംഭവങ്ങള്‍ക്ക് ഊര്‍ജം പകരും', ഗംഭീര്‍ പറഞ്ഞു.
"Everyone has the responsibility, I cannot say just the batters have let us down," @GautamGambhir said.#INDvNZ #TeamIndia https://t.co/U03Oktipoc
— Circle of Cricket (@circleofcricket) October 31, 2024
പരമ്പര നഷ്ടത്തിന് പിന്നാലെ നേരിടേണ്ട വിമര്‍ശനങ്ങളിലും ഗംഭീര്‍ പ്രതികരിച്ചു. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഇരിക്കുന്നതില്‍ എന്താണ് കുഴപ്പം? ഈ സ്ഥാനത്തുനിന്നും യുവാക്കളെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോച്ചെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എനിക്ക് മുന്നിലുള്ള കാര്യങ്ങള്‍ അനായാസമാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീലങ്കയോടും ഇപ്പോള്‍ ന്യൂസിലാന്‍ഡിനോടും നമുക്ക് പരാജയം വഴങ്ങേണ്ടിവന്നു. എന്നാല്‍ ഇനി മുന്നോട്ട് മികച്ച രീതിയില്‍ തയ്യാറെടുക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യണം', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ടീം ഇന്ത്യ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു. 2012-2013ൽ അലിസ്റ്റർ കുക്കിന്റെ ഇംഗ്ലണ്ട് ടീമിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. മൂന്നാം ടെസ്റ്റ് വിജയിച്ച് ആശ്വാസ വിജയം നേടാനാണ് ഇന്ത്യയുടെ ശ്രമം. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലെ വിജയം നിർണായകമാണ്.
Content Highlights: Gautam Gambhir's 'Hurting' Message Ahead Of 3rd Test vs New Zealand