ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ചില താരങ്ങളുടെ ഒഴിവാക്കലുകൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് കൈവിട്ടു. താരത്തിന്റെ നേതൃമികവിലും ബാറ്റിങ് കണക്കുകളിലും ടീം ഉടമകൾ തൃപ്തരല്ലെന്നാണ് അണിയറസംസാരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിലവിലെ ചാംപ്യൻമാരാക്കിയ ശ്രേയസ് അയ്യരും പടിക്ക് പുറത്തായി. താരസമ്പന്നമായ കൊൽക്കത്ത നിരയിൽ ശ്രേയസിന് ഇടം ലഭിച്ചില്ല. കെ എൽ രാഹുലിന്റെ വലിയ ഇന്നിംഗ്സുകൾ ലഖ്നൗവിനെ പരാജയപ്പെടുത്തിയപ്പോൾ നിലവിലെ ക്യാപ്റ്റനെ ടീം കൈവിട്ടു.
ഡൽഹി നിരയിലെ ഒന്നാം നിര താരമായത് ഓൾ റൗണ്ടർ അക്സർ പട്ടേലാണ്. 16.50 കോടി രൂപയ്ക്കാണ് അക്സറിനെ ഡൽഹി നിലനിർത്തിയത്. കുൽദീപ് യാദവിനെ 13.25 കോടി രൂപയും ട്രിസ്റ്റൺ സ്റ്റബ്സിന് 10 കോടി രൂപയും നൽകി ഡൽഹി നിലനിർത്തി. അഭിഷേക് പോറലിനെ നാല് കോടി രൂപയ്ക്കാണ് ഡൽഹി നിലനിർത്തിയിരിക്കുന്നത്. 73 കോടി രൂപയാണ് ഡൽഹി ക്യാപിറ്റൽസിന് മെഗാലേലത്തിന് ബാക്കിയുള്ളത്. ഡേവിഡ് വാർണർ, ആൻഡ്രിച്ച് നോർജെ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ് എന്നിവരെയും ഡൽഹി ലേലത്തിനയച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒന്നാം ചോയ്സ് താരമായി നിലനിർത്തിയത് റിങ്കു സിങ്ങിനെയാണ്. 13 കോടി രൂപയ്ക്കാണ് റിങ്കുവിനെ നിലനിർത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും ആന്ദ്ര റസ്സലിനും 12 കോടി രൂപ വീതം ലഭിക്കും. അൺക്യാപ്ഡ് താരമായി ഹർഷിത് റാണയെയും രമൺദീപ് സിങ്ങിനെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും നാല് കോടി രൂപ വീതം ശമ്പളം ലഭിക്കും. മിച്ചൽ സ്റ്റാർക്, ഫിൽ സോൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ എന്നിവരും കൊൽക്കത്ത നിരയിൽ നിന്ന് ലേലത്തിനെത്തും. 51 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിൽ ചിലവഴിക്കാൻ കഴിയുക.
അഞ്ച് താരങ്ങളെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയിരിക്കുന്നത്. നിക്കോളാസ് പൂരാന് 21 കോടി രൂപ ലഖ്നൗ നൽകും. 11 കോടി രൂപ വീതം നൽകി രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെയും നാല് കോടി വീതം നൽകി മോഹ്സിൻ ഖാനെയും ആയുഷ് ബദോനിയെയും നിലനിർത്തിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ലേലത്തിന് വെച്ചു. മാർക്കസ് സ്റ്റോയിൻസ്, ക്വിന്റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയും ലഖ്നൗ നിലനിർത്തിയില്ല. 69 കോടി രൂപയാണ് ലഖ്നൗവിന് ബാക്കിയുള്ളത്.
Content Highlights: Rishabh Pant, Shreyas Iyer, KL Rahul not retained among the big names