മെ​ഗാലേലത്തിന് മുമ്പേ 20 കോടി കടന്ന് മൂന്ന് താരങ്ങൾ; ക്ലാസൻ എല്ലാവരേക്കാളും മുന്നിൽ

പാറ്റ് കമ്മിൻസിനെ 18 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് നിലനിർത്തിയത്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷനിൽ 20 കോടിയലധികം തുക സ്വന്തമാക്കി മൂന്ന് താരങ്ങൾ. ക്ലാസൻ, കോഹ്ലി, നിക്കോളാസ് പൂരൻ എന്നിവർക്കാണ് 20 കോടിയിലധികം രൂപ ലഭിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെൻ‍റിച്ച് ക്ലാസനാണ് റീടെൻഷനിൽ ഏറ്റവും ഉയർന്ന തുക നേടിയത്. 23 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരത്തെ നിലനിർത്തിയത്. പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് സൺറൈസേഴ്സ് നിലനിർത്തിയ മറ്റ് താരങ്ങൾ.

പാറ്റ് കമ്മിൻസിനെ 18 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് നിലനിർത്തിയത്. അഭിഷേക് ശർമയ്ക്കും ട്രാവിസ് ഹെഡിനും 14 കോടി രൂപ വീതം ഹൈദരാബാദ് നൽകും. ആറ് കോടി രൂപയാണ് നിതീഷ് കുമാർ റെഡ്ഡിക്കായി സൺറൈസേഴ്സ് ഹൈദരാബാദ് ചിലവഴിച്ചിരിക്കുന്നത്. 45 കോടി രൂപയാണ് മെ​ഗാലേലത്തിൽ ഇനി സൺറൈസേഴ്സിന് മുടക്കാൻ കഴിയുക.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു 21 കോടി രൂപയ്ക്ക് വിരാട് കോഹ്‍ലിയെയും ലഖ്നൗ സൂപ്പർ ജയന്റ്സ് അതേ തുകയ്ക്ക് നിക്കോളാസ് പൂരനെയും നിലനിർത്തി. 11 കോടിക്ക് ബെം​ഗളൂരു രജത് പാട്ടിദാറിനെയും അഞ്ച് കോടി രൂപയ്ക്ക് യാഷ് ദയാലിനെയും റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയിട്ടുണ്ട്. 83 കോടി രൂപ ബെം​ഗളൂരുവിന്റെ പോക്കറ്റിൽ ബാക്കിയുണ്ട്. നിലവിലെ നായകൻ ഫാഫ് ഡു പ്ലെസിസ് ബെം​ഗളൂരു നിരയിൽ നിന്ന് ഐപിഎൽ ലേലത്തിനെത്തും.

ലഖ്നൗ നിരയിൽ 11 കോടി രൂപ വീതം നൽകി രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെയും നാല് കോടി വീതം നൽകി മോഹ്സിൻ ഖാനെയും ആയുഷ് ബദോനിയെയും നിലനിർത്തിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ലേലത്തിന് വെച്ചു. മാർക്കസ് സ്റ്റോയിൻസ്, ക്വിന്റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയും ലഖ്നൗ നിലനിർത്തിയില്ല. 69 കോടി രൂപയാണ് ലഖ്നൗവിന് ബാക്കിയുള്ളത്.

Content Highlights: Three players retained by 20cr above in ahead of megaauction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us