ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ്; ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഡെവോണ്‍ കോണ്‍വേയെയാണ് ആദ്യം നഷ്ടമായത്

dot image

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. മുംബൈ ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ 92/3 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഡെവോണ്‍ കോണ്‍വേ, ടോം ലാഥം, രച്ചിന്‍ രവീന്ദ്ര എന്നിവരെയാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഡെവോണ്‍ കോണ്‍വേയെയാണ് ആദ്യം നഷ്ടമായത്. നാല് റണ്‍സെടുത്ത കോണ്‍വേയെ ആകാശ് ദീപാണ് പുറത്താക്കിയത്. പിന്നാലെ ക്യാപ്റ്റന്‍ ടോം ലാഥം (20), രച്ചിന്‍ രവീന്ദ്ര (5) എന്നിവരെ വാഷിങ്ടണ്‍ ബൗള്‍ഡാക്കി. 78 പന്തില്‍ 38 റണ്‍സെടുത്ത വില്‍ യങ്ങും 21 പന്തില്‍ 11 റണ്‍സെടുത്ത ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലെത്തി. അതേസമയം പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. പരിക്കേറ്റ മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്‍റിയും കിവീസിന്‍റെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഒഴിവാക്കാനാണ് രോഹിത് ശർമയും സംഘവും മുംബൈയിൽ ഇറങ്ങുന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു. 2012-2013ൽ അലിസ്റ്റർ കുക്കിന്റെ ഇം​ഗ്ലണ്ട് ടീമിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. മൂന്നാം ടെസ്റ്റ് വിജയിച്ച് ആശ്വാസ വിജയം നേടാനാണ് ഇന്ത്യയുടെ ശ്രമം. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലെ വിജയം നിർണായകമാണ്.

ന്യൂസിലാൻഡ് പ്ലേയിങ് ഇലവൻ: ടോം ലാഥം, ഡെവോൺ കോൺവേ, വിൽ യങ്, രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടെൽ, ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോധി, മാറ്റ് ഹെൻറി, അജാസ് പട്ടേൽ, വില്യം ഒറൂർക്ക്.

ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content Highlights: IND vs NZ: New Zealand 92/3, Will Young and Daryl Mitchell unbeaten at Lunch in Mumbai

dot image
To advertise here,contact us
dot image