ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് എടുത്തത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാംപ്യന്മാരാക്കിയ നായകൻ ശ്രേയസ് അയ്യർ റീടെൻഷൻ പട്ടികയിൽ ഇല്ല. കൊൽക്കത്തൻ മാനേജ്മെന്റിന്റെ ഈയൊരു തീരുമാനം ആരാധകരുടെ നെറ്റി ചുളിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ശ്രേയസ് അയ്യരായിരുന്നു കൊൽക്കത്തയുടെ ലിസ്റ്റിലെ ഒന്നാമത്തെ താരമെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ സി ഇ ഒ വെങ്കി മൈസൂർ. ശ്രേയസ് ഏറ്റവും മികച്ച ജോലിയാണ് ചെയ്തത്. എന്നാൽ എല്ലാവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. വെങ്കി മൈസൂർ റെവ്സ്പോർട്സിനോട് പറഞ്ഞു.
2022ൽ കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കാണ് ശ്രേയസിനെ കൊണ്ടുവന്നത്. നിർഭാഗ്യവശാൽ 2023ൽ ശ്രേയസിന് പരിക്കേറ്റു. തിരിച്ചുവന്ന നിമിഷം തന്നെ നായകസ്ഥാനം തിരിച്ചുനൽകി. ഒരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് ഒരു ടീം താരങ്ങളെ നിലനിർത്തുന്നത്. ഒരിക്കലും ഒരാളുടെ തീരുമാനമല്ല ഇത്. താരങ്ങളുമായി സംസാരിച്ച ശേഷമാണ് അവരെ റീടെൻഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത്. വെങ്കി മൈസൂർ വ്യക്തമാക്കി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒന്നാം ചോയ്സ് താരമായി നിലനിർത്തിയത് റിങ്കു സിങ്ങിനെയാണ്. 13 കോടി രൂപയ്ക്കാണ് റിങ്കുവിനെ നിലനിർത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും ആന്ദ്ര റസ്സലിനും 12 കോടി രൂപ വീതം ലഭിക്കും. അൺക്യാപ്ഡ് താരമായി ഹർഷിത് റാണയെയും രമൺദീപ് സിങ്ങിനെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും നാല് കോടി രൂപ വീതം ശമ്പളം ലഭിക്കും. മിച്ചൽ സ്റ്റാർക്, ഫിൽ സോൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ എന്നിവരും കൊൽക്കത്ത നിരയിൽ നിന്ന് ലേലത്തിനെത്തും. 51 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിൽ ചിലവഴിക്കാൻ കഴിയുക.
Content Highlights: KKR CEO Venky Mysore Reveals Shreyas Iyer Was 'No.1 On Our List'