വ്യക്തിഗത നേട്ടങ്ങൾക്കല്ല, ടീമിന് വേണ്ടി കളിക്കുന്നവർ മതി; രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ഗോയങ്ക

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു

dot image

ഐപിഎൽ 2025 സീസണിലേക്ക് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോൾ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവെച്ച് കെ എൽ രാഹുൽ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ടീമിന് പുറത്തായിരിക്കുകയാണ്. ​കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ എൽ രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക രംഗത്തെത്തിയിരിക്കുകയാണ്. പേരെടുത്ത്‌ പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തവരും മാത്രം ടീമിൽ മതിയെന്നായിരുന്നു രാഹുലിനെ ഉന്നമിട്ട് ഗോയങ്കയുടെ പരാമർശം.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇത് വലിയ വിവാദമാവുകയും മുതിർന്ന താരങ്ങൾ അടക്കം രാഹുലിന് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. ശേഷം ഇവർക്കിടയിൽ മഞ്ഞുരുക്കങ്ങളുണ്ടായി എന്ന വാർത്തകളും പുറത്ത് വന്നു. ശേഷമുള്ള ഒരു മത്സരത്തിൽ രാഹുലെടുത്ത കിടിലൻ ക്യാച്ചിന് ഗോയങ്ക എണീറ്റ് നിന്ന് കയ്യടിക്കുന്നതും രാഹുലിനെ അത്താഴത്തിന് ക്ഷണിക്കുന്നതും അടക്കം നിരവധി സംഭവങ്ങൾ ഇരുവർക്കുമിടയിലുണ്ടായി.

എന്നാൽ എന്തൊക്കെയായാലും അന്നത്തെ ‘കലിപ്പ്’ തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ടീമിൽനിന്ന് ഒഴിവാക്കിയ ശേഷവും രാഹുലിനെതിരെ ഗോയങ്കയുടെ കടുത്ത പരാമർശങ്ങൾ. ഈ സീസണിൽ രാഹുലിനെ ടീമിൽ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ച ലഖ്‌നൗ സൂപ്പർ ജയന്റ്സ് മാനേജ്മെന്റ്, പകരം വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇന്ത്യൻ താരങ്ങളായ മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയാണ് നിലനിർത്തിയത്. ഇതിൽ തന്നെ പുരാനെ 21 കോടി രൂപ നൽകിയാണ് അവർ നിലനിർത്തിയത്. മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർക്ക് 11 കോടി വീതം, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവർക്ക് 4 കോടി വീതം എന്നിങ്ങനെയാണ് ലഖ്‌നൗ നൽകിയത്.

ഇതിന് പിന്നാലെയാണ് രാഹുലിനെ അപമാനിക്കുന്ന ടീം ഉടമയുടെ പരാമർശങ്ങൾ. ‘ഇത്തവണ താരങ്ങളെ നിലനിർത്തുന്നതിൽ ഞങ്ങൾ സ്വീകരിച്ച മാനദണ്ഡം വളരെ ലളിതമായിരുന്നു. ജയിക്കാനുള്ള മനോഭാവമുള്ളവർ മാത്രം മതിയെന്നായിരുന്നു തീരുമാനം. മാത്രമല്ല, വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യങ്ങളും ടീമിന്റെ താൽപര്യത്തിനായി മാറ്റിവച്ച് കളിക്കുന്നവരെയാണ് ഞങ്ങൾക്കു വേണ്ടത്. ഈ മാനദണ്ഡപ്രകാരമാണ് അഞ്ചു പേരെ നിലനിർത്താൻ തീരുമാനിച്ചത്.’ – ഗോയങ്ക പറഞ്ഞു.

കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി 14 മത്സരങ്ങളിൽ നിന്ന് 37.14 ശരാശരിയിൽ 520 റൺസ് നേടിയ താരമാണ് രാഹുൽ. എന്നാൽ, രാഹുലിന്റെ സ്ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ടീം ഉടമ പ്രകടിപ്പിച്ചത്. കഴിഞ്‍ സീസണിൽ 136.13 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്.

Content Highlights: Lucknow Super Giants Owner Sanjiv Goenka response on KL Rahul

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us