'വൈകാതെ അത് സംഭവിച്ചിരിക്കും!'; ബെംഗളൂരു ആരാധകര്‍ക്ക് 'വലിയ സിഗ്നല്‍' നല്‍കി വിരാട് കോഹ്‌ലി

വിരാട് കോഹ്ലി ഉള്‍പ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയത്.

dot image

ഐപിഎല്‍ 2025 മെഗാതാരലേലത്തിന് മുന്‍പായുള്ള റീടെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തന്നെ നിലനിര്‍ത്തിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. അടുത്ത സീസണിന് വേണ്ടി നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് ഫ്രാഞ്ചൈസിക്ക് നന്ദിയറിയിച്ച് കോഹ്‌ലി രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ കോഹ്‌ലി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടീം ഐപിഎല്‍ കിരീടമുയര്‍ത്തിയിരിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

'എല്ലാ ആരാധകര്‍ക്കും ഒരു വലിയ 'ഹായ്'. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്ന് വര്‍ഷത്തേക്ക് കൂടി എന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നത്തേയും പോലെ ഞാന്‍ ആവേശത്തിലാണ്. അടുത്ത സീസണിനായി ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും ആരാധകരെ സന്തോഷിപ്പിക്കാനും ശ്രമിക്കും. ഞങ്ങള്‍ക്ക് നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്കും സ്നേഹത്തിനും ആരാധകർക്ക് നന്ദി', കോഹ്ലി പറഞ്ഞു.

20 വര്‍ഷം ഒരു ടീമിന് വേണ്ടി മാത്രം കളിക്കുന്നത് ഒരു ബഹുമതിയാണെന്ന് വിരാട് കോഹ്ലി പറഞ്ഞു. 'ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും ഒരു പ്രത്യേക ബന്ധം പങ്കിടാനും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ആര്‍സിബിയുമായി എന്റെ ബന്ധം 20 വര്‍ഷമാകും. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമായിരിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്ലി ഉള്‍പ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് ടീം നിലനിര്‍ത്തിയത്. റെക്കോര്‍ഡ് തുകയായ 21 കോടി രൂപക്കാണ് കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയത്. യുവ ബാറ്റര്‍ രജത് പാട്ടിദാര്‍ (11 കോടി), പേസര്‍ യാഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരാണ് നിലനിര്‍ത്തിയ മറ്റു താരങ്ങള്‍. വിദേശ താരങ്ങളില്‍ ആരെയും ആര്‍സിബി നിലനിര്‍ത്തിയില്ല.

അതേസമയം വിരാട് കോഹ്‌ലി ബെംഗളൂരുവിന്റെ നായകപദവിയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ഫാഫ് ഡു പ്ലെസിസ് ഇല്ലാതെ വ്യാഴാഴ്ച ആര്‍സിബി റീടെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചതോടെ ഫാഫിന്റെ പകരക്കാരനായി കോഹ്ലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബാറ്റ് രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2013 മുതല്‍ 2021 വരെ വിരാട് കോഹ്‌ലിയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍. 2016ല്‍ കോഹ്‌ലിയുടെ നായക മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെച്ചതോടെ ഫാഫ് ഡു പ്ലെസിസിനെ റോയല്‍ ചലഞ്ചേഴ്‌സ് നായകനായി പ്രഖ്യാപിക്കുകയായിരുന്നു. ആർസിബിക്ക് ഇതുവരെ ഐപിഎല്‍ കിരീടമുയർത്താന്‍ സാധിച്ചിട്ടില്ല.

Content Highlights: 'Win the IPL title in the next cycle' Virat Kohli discloses his plans after being retained by RCB

dot image
To advertise here,contact us
dot image