ശുഭ്മൻ ഗില്ലിനെ മുക്തകണ്ഠം പ്രശംസിച്ച് മുൻ കിവി താരവും പ്രമുഖ കമന്റേറ്ററുമായ സൈമൺ ഡൂൾ രംഗത്ത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൽ കിവീസിനെതിരെ ഗിൽ 90 റൺസെടുത്ത് ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നെടുന്തൂണായിരുന്നു. ഗില്ലിനെ പ്രശംസിക്കുന്നതിനൊപ്പം എന്തുകൊണ്ടാണ് താൻ മറ്റൊരു ഇന്ത്യൻ താരമായ പൃഥ്വി ഷായെക്കാൾ ഗില്ലിനെ മികച്ച താരമായി ഗണിക്കുന്നതെന്നും ഡൂൾ വ്യക്തമാക്കി.
മത്സരത്തിൽ 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത ശുഭ്മൻ ഗിൽ എട്ടാമനായാണ് പുറത്താകുന്നത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും ഗിൽ മാത്രം പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തും ശുഭ്മൻ ഗില്ലും കൂട്ടിച്ചേർത്ത 96 റൺസാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി നൽകിയത്.
ഗില്ലിന്റെ ടെക്നിക്ക് മറ്റുള്ളവരേക്കാളും ഏറെ മുന്നിലാണ്. ഇന്ത്യയുടെ നമ്പർ 3 പൊസിഷനിൽ ഗിൽ പെർഫക്ട് ചോയ്സാണ്. മുമ്പ് ഞാൻ ഷായുടെ ടെക്നിക്കിനേക്കാൾ മികച്ചതാണ് ഗില്ലിന്റേത് എന്ന് പ്രവചിച്ചിരുന്നു. മുമ്പ് ഗില്ലിന് പൃഥ്വിയുടെ അത്രയും ടെക്നിക്കൽ ഫ്ലോ ഉണ്ടായിരുന്നില്ല. എങ്കിൽ കാലക്രമത്തിൽ ഗിൽ തന്റെ പ്രശ്നങ്ങൾ മനസിലാക്കി ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ഡൂൾ ചൂണ്ടിക്കാട്ടിയത് ഇങ്ങനെ.
ഗില്ലും പൃഥ്വി ഷായും ലോകകപ്പ് നേടിയ അണ്ടർ 19 ലോകകപ്പ് ടീമിലെ അംഗങ്ങളായിരുന്നു. ആദ്യഘട്ടത്തിൽ പൃഥ്വി ഷായ്ക്കായിരുന്നു ഗില്ലിനേക്കാൾ ഇന്ത്യൻ ടീമിൽ മേൽക്കൈ ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഫോം ഔട്ടായതോടെ ഷാ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ അരങ്ങേറ്റ സെഞ്ച്വറിയടക്കം നേടിയിരുന്നു പൃഥ്വി ഷാ. പിന്നീടാണ് ഫോം മങ്ങിത്തുടങ്ങിയത്. എന്നാൽ മറുവശത്താകട്ടെ, ഗിൽ കഴിഞ്ഞ വർഷങ്ങളിലായുള്ള മികച്ച പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയും ചെയ്തു.
'ആ സമയത്ത് ഞാൻ ഗില്ലിനെ അഭിമുഖം ചെയ്തപ്പോൾ വലിയ ഇന്നിങ്സുകൾ കളിക്കുന്നതിനെക്കുറിച്ചാണ് ഗിൽ സംസാരിച്ചത്. അവനിൽ അങ്ങനെയൊരു റൺ ദാഹം ഉണ്ട്. ഗില്ലും പന്തും ജയ്സ്വാളുമാണ് ഇന്ത്യൻ ടീമിന്റെ ഭാവി.' ഡൂൾ വ്യക്തമാക്കി.
Content Highlights: Simon Doull reflects on prediction about Shubman Gill's rise and Prithvi Shaw's downfall