ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിൽ പാതിപേരേയും നഷ്ടപ്പെട്ട് ഇന്ത്യൻ മുൻനിര. മൂന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 174 ന് പുറത്തായപ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 147 റൺസ് ആയിരുന്നു. എന്നാൽ നാലാം ഇന്നിങ്സ് തുടങ്ങിയപ്പോൾ മുതൽ ഇന്ത്യയുടെ വിക്കറ്റുകൾ അതിവേഗം കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യൻ മുൻ നിരയെ കറക്കിവീഴ്ത്തിയത്. അവശേഷിച്ച വിക്കറ്റുകൾ ഹെന്റിയും ഫിലിപ്സും നേടി. ജയ്സ്വാൾ 5 റൺസെടുത്ത് നിൽക്കുമ്പോൾ ഗ്ലെൻ ഫിലിപ്സ് എൽബിയിൽ കുരുക്കി. ക്യാപ്റ്റൻ രോഹിത് ശർമയ 11 റൺസെടുത്ത് നിൽക്കുമ്പോൾ മാറ്റ് ഹെന്റിയുടെ പന്തിലാണ് പുറത്തായത്. ഗില്ലിനെ 1 റൺസിൽ നിൽക്കുമ്പോൾ അജാസ് പട്ടേൽ ക്ലീൻ ബോൾഡ് ചെയ്തു. മോശം ഫോം തുടരുന്ന കോഹ്ലിയും അജാസിനു മുന്നിൽ വീണു. 1 റൺസായിരുന്നു സമ്പാദ്യം. പിന്നീടിറങ്ങിയ സർഫറാസിനേയും പട്ടേൽ തന്നെ 1 റൺസിൽ നിൽക്കുമ്പോൾ പുറത്താക്കി. നിലവിൽ 54 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കുകയാണ് ടീം ഇന്ത്യ. ഇനിയും വിജയിക്കാൻ 93 റൺസ് വേണം.
വാഖഡെയിലെ നാലാം ഇന്നിങ്സ് ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന പേടിയിലാണ് ഇന്ത്യൻ ആരാധകർ. വാംഖഡെയില്‍ നാലാം ഇന്നിംഗ്സിൽ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ 164 റണ്‍സാണ്. 2000ത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ ഈ ലക്ഷ്യത്തിലെത്തിയത്. ഇത് ഒഴിവാക്കിയാൽ മുംബൈയിൽ നാലാം ഇന്നിംഗ്സിൽ ഒരു ടീം പോലും 100ന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിച്ചിട്ടില്ല.
1980ൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 98 റൺസ് പിന്തുടർന്ന് 10 വിക്കറ്റ് വിജയം നേടിയിരുന്നു. ഇതാണ് മുംബൈയിൽ ഒരു ടീം പിന്തുടർന്ന് വിജയിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ. 2004ൽ ഇന്ത്യയുടെ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ 93 റൺസിന് ഓൾ ഔട്ടായതും ഈ സ്റ്റേഡിയത്തിലാണ്.
മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്റെ അവശേഷിച്ച വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ് ലഭിച്ചത്. ഇതോടെ ജഡേജയുടെ പതിനാലാമത് അഞ്ച് വിക്കറ്റ് നേട്ടമായി മാറി ഇത്. ബിഷൻ സിങ് ബേദിയുടെ റെക്കോർഡിനൊപ്പം അദ്ദേഹം ഇടം നേടുകയും ചെയ്തു.
രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡിനായി വിൽ യങ് 51 റൺസ് നേടി. ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു.
Content Highlights: Indian batting collapses against new zeland in third test