ഇന്ത്യൻ ക്രിക്കറ്റിന് ഇത് തോൽവിയുടെ സമയം; എവിടെപോയാലും വിജയമില്ല

ഇതാദ്യമായി മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ സ്വന്തം നാട്ടിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി

dot image

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ തോൽവിയുടെ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 12 വർഷമായി സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമ ക്യാപ്റ്റൻസിയിലും വിരാട് കോഹ്‍ലി ബാറ്റിങ്ങിലും വൻപരാജയമായി. ഇതാദ്യമായി മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ സ്വന്തം നാട്ടിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി. എന്നാൽ മറ്റൊരു വൻപരാജയവും ഇന്ത്യൻ ക്രിക്കറ്റ് ഇതിനിടെ നേരിട്ടു. ഹോങ്കോങ് ക്രിക്കറ്റ് സിക്സസിൽ സമ്പൂർണ്ണ പരാജയമാണ് റോബിൻ ഉത്തപ്പയുടെ ഇന്ത്യൻ സംഘം നേരിട്ടത്.

​ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനും യു എ ഇയ്ക്കുമൊപ്പമായിരുന്നു ഇന്ത്യ. ആദ്യ മത്സരം പാകിസ്താനെതിരെ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് ഓവറിൽ രണ്ടിന് 119 എന്ന ഭേദപ്പെട്ട സ്കോറാണ് ഉയർത്തിയത്. മറുപടി പറഞ്ഞ പാകിസ്താൻ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. നിർണായകമായ രണ്ടാം മത്സരത്തിൽ യു എ ഇയോട് ഇന്ത്യ തോറ്റത് ഒരൊറ്റ റൺസിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ അഞ്ചിന് 130 എന്ന സ്കോർ ഉയർത്തി. ഇന്ത്യയുടെ മറുപടി നാല് വിക്കറ്റ് നഷ്ടത്തിൽ 129 റൺസിൽ അവസാനിച്ചു. ​ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ട ടീമുകൾക്കുള്ള ബൗൾ ലീ​ഗിൽ ഇന്ത്യ മത്സരിച്ചു. ഇം​ഗ്ലണ്ടിനോടും ന്യൂസിലാൻഡിനോടും ഒമാനോടും ഇന്ത്യ പരാജയപ്പെട്ടു. റോബിൻ ഉത്തപ്പ, സ്റ്റുവർട്ട് ബിന്നി, മനോജ് തിവാരി, ഷബാസ് നദീം, കേദാർ ജാദവ് തുടങ്ങി പന്തെറിഞ്ഞവരെല്ലാം റൺസ് മയമില്ലാതെ വിട്ടുകൊടുത്തതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്. യു എ ഇയ്ക്കെതിരെ മനോജ് തിവാരി ഒരോവറിൽ 34 റൺ‌സ് വഴങ്ങി. ഇം​ഗ്ലണ്ടിനെതിരെ റോബിൻ ഉത്തപ്പ ആറ് പന്തിൽ ആറ് സിക്സ് ഉൾപ്പെടെ 37 റൺസ് വിട്ടുനൽകി.

പരാജയങ്ങളിൽ നിന്ന് കരകയറാൻ ഇന്ത്യയ്ക്ക് ഇനി അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന യുവ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിൽ ട്വന്റി 20 പരമ്പരയിൽ നേരിടും.

ടെസ്റ്റ് ക്രിക്കറ്റിലെ പരാജയത്തിന്റെ കയ്പുനീര് മാറാൻ ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയമാണ് ഇന്ത്യ ആ​ഗ്രഹിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ വലിയ ഉത്തരവാദിത്തമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കണം. ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്തണം.

അടുത്ത ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ അവരുടെ നാട്ടിലാണ് ഇന്ത്യ നേരിടേണ്ടത്. 2020-21ൽ മുൻനിര താരങ്ങൾ ഇല്ലാതിരുന്നിട്ടും അജിൻക്യ രഹാനെയുടെ ടീം ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. ഇത്തവണയും ഓസ്ട്രേലിയയെ പരാജയപ്പെടുത്താനായാല്‍ ചാംപ്യന്‍ഷിപ്പിന്‍റെ അടുത്ത ഘട്ടത്തിലേക്ക് രോഹിത്തിനും സംഘത്തിനും ചവിട്ടികയറാം.

ബോര്‍ഡര്‍ ഗാവസ്കറിനും ഇന്ത്യന്‍ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കുന്ന ഒരു ചരിത്രം പറയാനുണ്ട്.

2012-13 സീസണിൽ അലിസ്റ്റർ കുക്കിന്റെ ഇം​ഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ 4-0ത്തിന് ബോർഡർ-​ഗാവസ്കർ ട്രോഫി നേടിയായിരുന്നു ഇന്ത്യൻ ടീമിന്റെ

ടെസ്റ്റ് വിജയങ്ങളിലേക്കുള്ള തിരിച്ചുവരവ്. ശിഖർ ധവാൻ, ഭുവന്വേശർ കുമാർ എന്നിവരുടെ അരങ്ങേറ്റം ഈ പരമ്പരയിൽ ആയിരുന്നു.

Content Highlights: Indian Cricket suffer loses all around the world

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us