ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് ശേഷം പ്രതികരണവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാഥം. 'നല്ല ക്രിക്കറ്റ് കളിക്കാനാണ് ന്യൂസിലാൻഡ് ടീം ഇന്ത്യയിലെത്തിയത്. ഞങ്ങൾ അതിൽ വിജയിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ആക്രമണ ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കാനാണ് ന്യൂസിലാൻഡ് ആഗ്രഹിച്ചത്. ബൗളിങ്ങിൽ ഏറ്റവും മികച്ച പ്രകടനത്തിനായും ശ്രമിച്ചു. ഇത്ര വലിയ വിജയം നേടി ഇന്ത്യയിൽ നിൽക്കുന്നതിൽ സന്തോഷമുണ്ട്.' ടോം ലാഥം മൂന്നാം ടെസ്റ്റിന് ശേഷം പ്രതികരിച്ചു.
'ഓരോ ടെസ്റ്റിന് ശേഷവും ടീമിന്റെ പ്രകടനം വിലയിരുത്തി. വീണ്ടും മികച്ച പ്രകടനത്തിനായി ശ്രമിച്ചു. മൂന്നാം ടെസ്റ്റിൽ മുംബൈയിലും ന്യൂസിലാൻഡ് മികച്ച പ്രകടനം നടത്തി. മുംബൈയിലെ സ്റ്റേഡിയം വളരെ വ്യത്യസ്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും വെല്ലുവിളി ഉയർത്തുന്ന പിച്ചാണ് മുംബൈയിലേത്. എല്ലാ വിജയങ്ങളിലും ന്യൂസിലാൻഡ് ടീം സന്തോഷത്തിലാണ്.' ടോം ലാഥം വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
Content Highlights: Tom Latham reacts following the historic 3-0 clean sweep against India