ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീറിന് നൽകിയ അമിത പരിഗണന ഒഴിവാക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെയാണ് ബിസിസിഐ ആലോചന. രവി ശാസ്ത്രിക്കും രാഹുൽ ദ്രാവിഡിനും ലഭിച്ചതിനേക്കാൾ പരിഗണന ഗംഭീറിന് ഇന്ത്യൻ ക്രിക്കറ്റിൽ ലഭിച്ചു. പരിശീലകർ സെലക്ഷൻ കമ്മറ്റിയുടെ ഭാഗമാകുകയെന്നത് ബിസിസിഐ നിയമങ്ങളിൽ അനുവദിച്ചിട്ടില്ല. എന്നാൽ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഈ നിയമം ബാധകമായില്ല. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുടെ പ്രധാന്യം പരിഗണിച്ചാണ് ഇത്തരത്തിൽ നടപടിയെടുത്തത്. ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ജൂലൈ ഒടുവിൽ ശ്രീലങ്കൻ പരമ്പരയിലാണ് ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റത്. ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ ഏകദിന പരമ്പര കൈവിട്ടു. 27 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം ശ്രീലങ്കയോട് ഏകദിന പരമ്പരയിൽ പരാജയപ്പെടുന്നത്. പിന്നാലെ ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി. ഇതോടെയാണ് ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് നേരെ വിമർശനങ്ങൾ ഉയരുന്നത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയത് ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾക്കും കനത്ത തിരിച്ചടിയായി. 2023-25 ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോൾ. 58.33 ആണ് വിജയശതമാനം. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം നേടിയാൽ മാത്രമേ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടക്കാൻ സാധിക്കൂ.
Content Highlights: Gautam Gambhir's Wings To Be Clipped? BCCI's 'Big Step' After Poor Start