പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഏകദേശം 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും.
33 വര്‍ഷത്തേക്ക് പാട്ടക്കരാറിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിന് 21,35,000 രൂപ വര്‍ഷം തോറും ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. ഈ വര്‍ഷം ഡിസംബറിലാണ് കരാര്‍ ഒപ്പിടുക. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനാണ് കെ സി എ ആലോചിക്കുന്നത്. 2027 ഏപ്രില്‍ മാസത്തോടെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിക്കുകയാണ് കെ സി എയുടെ ലക്ഷ്യം.
നേരത്തെ 2018ല്‍ പാലക്കാട് ക്രിക്കറ്റ് സ്റ്റേഡിയമെന്ന ആലോചനകൾ കെ സി എയുടെ ഭാഗത്ത് നിന്നുണ്ടായതാണ്. ഇതിനായി ഭൂമിയേറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. എന്നാൽ കൊവിഡ് കാലത്ത് സ്റ്റേഡിയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തടസപ്പെടുകയായിരുന്നു. കെ സി എ സ്റ്റേഡിയം പാലക്കാട് വരുന്നതോടെ ജില്ലയില്‍ കായിക മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പാലക്കാട് ക്രിക്കറ്റ് അസോസിയേഷൻ. എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.
Content Highlights: Kerala Cricket Association plans new stadium in Palakkad