ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ– ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ റിഷഭ് പന്ത് പുറത്തായതിനെച്ചൊല്ലി വിവാദം. 22–ാം ഓവറിൽ അജാസ് പട്ടേലിന്റെ ബോളിലാണ് റിഷഭ് പന്ത് പുറത്തായിരുന്നത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ മികച്ച് കളിച്ച ഒരേയൊരു താരമായിരുന്നു പന്ത്. 57 ബോളില്‍ 64 റൺസെടുത്ത് നില്‍ക്കെ പന്ത് പുറത്തായത്
മത്സരത്തിൽ നിര്‍ണായകമാകുകയും ചെയ്തു. അംപയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് ഡിആർഎസിന് പോയാണ് കിവീസ് പന്തിന്റെ വിക്കറ്റ് നേടിയെടുത്തത്. പന്തിനെതിരെയുള്ള ന്യൂസിലാൻഡിന്റെ രണ്ടാം ഡിആർഎസ് കോളായിരുന്നു അത്.
അജാസ് പട്ടേലിന്റെ ബോൾ പ്രതിരോധിക്കുന്നതിനിടെ റിഷഭ് പന്തിന്റെ പാഡിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ പിടിച്ചെടുക്കുകയായിരുന്നു. അജാസ് പട്ടേലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കിവീസ് ക്യാപ്റ്റൻ ടോം ലാഥം റിവ്യൂവിനു പോയത്. അപ്പോഴും ഔട്ടല്ലെന്ന ആത്മവിശ്വാത്തിലായിരുന്നു പന്ത്. എന്നാൽ ഡിആർഎസ് മീറ്ററിൽ ബോൾ റിഷഭ് പന്തിന്റെ ബാറ്റിൽ ഉരഞ്ഞതായി തെളിഞ്ഞതോടെ ഔട്ട് നൽകി. തീരുമാനത്തിനെതിരെ ഗ്രൗണ്ടിൽവച്ച് തന്നെ ഇന്ത്യൻ ബാറ്റർ അംപയറോട് പരാതി പറയുന്നുണ്ടായിരുന്നു.
Rishabh Panth was furious on Third Umpire decision as she was declared out on a review #INDvNZ pic.twitter.com/6X5GwXLmUu
— Shakeel Khan Khattak (@ShakeelktkKhan) November 3, 2024
ബോൾ കടന്നുപോകുന്ന സമയത്ത് തന്നെ റിഷഭ് പന്തിന്റെ ബാറ്റ് പാഡിലും തട്ടുന്നുണ്ട്. ഈ ശബ്ദമായിരിക്കാം ബാറ്റിൽ എഡ്ജ് ആയതായി തെറ്റിദ്ധരിച്ചത് എന്നാണു വാദം. റിഷഭ് പന്തിന് പിന്തുണയുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തുകയും ചെയ്തു.
ബോള്‍ റിഷഭ് പന്തിന്റെ ബാറ്റിൽ കൊണ്ടോ എന്ന് ഉറപ്പു പറയാൻ സാധിക്കില്ലെന്നും, ബാറ്റും പാഡും തമ്മിൽ തട്ടിയാലും സ്നീക്കോ മീറ്ററിൽ ഇങ്ങനെ കാണിക്കുമെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു. റിഷഭ് പന്ത് പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ ഓൾ ഔട്ടാവുകയും മൂന്നാം ടെസ്റ്റിലെ ജയം കൈവിടുകയും ചെയ്തിരുന്നു.
Content Highlights: Rishabh Pants controversial dismissal